സര്‍ക്കാര്‍ ഓഫിസുകളില്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിന്റെ ഭാഗമായി ജില്ലതല ഉദ്യോഗസ്ഥര്‍ക്ക് ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ഭരണ ഭാഷ ബോധവത്കരണ ശില്‍പശാല സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ജനുവരി 18 ന് രാവിലെ 10 ന് കലക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ ഭാഷാ പണ്ഡിതന്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കും. ശില്‍പ്പശാലയില്‍ ജില്ലാതല ഓഫിസര്‍മാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.ഔദ്യോഗിക ഭാഷാ പുരോഗതി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാകലക്ടര്‍.
. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഭരണ ഭാഷാ വര്‍ഷാഘോഷ സമയത്ത് ജില്ലയില്‍ ഭാഷയ്ക്കും സംസ്‌കാരത്തിനും ഗുണം ചെയ്യുന്ന ചര്‍ച്ചകളും സെമിനാറുകളും എല്ലാ വകുപ്പുകളും നടത്തണമെന്നും ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികിക ഭാഷാ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.. എല്ലാ ദിവസവും ഭരണ രംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും ഓഫിസുകളില്‍ എഴുതി പ്രദര്‍ശിപ്പിക്കണം. ഓഫിസുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളില്‍ മുകളില്‍ മലയാളത്തിലും താഴെ ഇംഗ്ലീഷിലും എഴുതണം. ഓഫിസ് മുദ്രകള്‍ മലയാളത്തിലും തയ്യാറാക്കണം. സര്‍ക്കാര്‍,അര്‍ദ്ധസര്‍ക്കാര്‍,സഹകരണ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുന്‍ വശത്ത് മലയാളത്തിലും പിന്‍ വശത്ത് ഇംഗ്ലീഷിലും സ്ഥാപനത്തിന്റെ പേര് എഴുതണം. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മലയാളം കമ്പ്യൂട്ടിംഗില്‍ ഒരാഴ്ച നീളുന്ന പരിശീലനം നല്‍കും.
ഓഫിസുകളില്‍ നിന്നും അയക്കുന്ന കത്തുകളുടെ മുകളില്‍ ഭരണഭാഷ-മാത്യഭാഷ എന്ന വാക്യം എഴുതണം. ഓഫിസ് ചുവരുകളില്‍ മലയാളം നമ്മുടെ ഭരണഭാഷ ഹരജികളും നിര്‍ദ്ദേശങ്ങളും ദയവായി മലയാളത്തില്‍ നല്‍കുക എന്ന എഴുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കണം. കത്തുകളും ഉത്തരവുകളും സര്‍ക്കുലറുകളും മലയാളത്തിലാണന്ന് ഓഫിസ് തലവന്‍മാര്‍ ഉറപ്പ് വരുത്തണം. വകുപ്പിന്റെ ഭാഷാ പ്രവര്‍ത്തനങ്ങള്‍ എല്ലാ മാസവും അവലോകനം ചെയ്യണം.ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഭാഷാ വകുപ്പിനും ജില്ലാ കലക്ടര്‍ക്കും നല്‍കണം. ജില്ലാ ഭരണകൂടത്തിന്റെ മലപ്പുറം വണ്‍ എന്ന വെബ് സൈറ്റ് പൂര്‍ണ്ണമായും മലയാളത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജില്ലാ ഉദ്യോഗസ്ഥര്‍ സബ് ഓഫിസുകളില്‍പരിശോധന നടത്തുമ്പോള്‍ മലയാള ഭാഷ പുരോഗതി എന്ന വിഷയം കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കണം..
കലക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം. ടി. വിജയന്‍, അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ.വിജയന്‍, ആര്‍.ഡി.ഒ. കെ. അജീഷ്, ജില്ലാതല ഉദ്യേഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.