കുട്ടികള്‍ക്കെല്ലാം പ്രഭാതഭക്ഷണമൊരുക്കി വെളിയം പഞ്ചായത്ത്

വെളിയം ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള സ്‌കൂളുകളിലെ             കുട്ടികള്‍ക്കെല്ലാം ഇനി  പ്രഭാതഭക്ഷണം ഉറപ്പ്. 20 ലക്ഷം രൂപ ചിലവഴിച്ച് പഞ്ചായത്തിലെ ആറു എല്‍ പി, യു പി സ്‌കൂളുകളിലുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതിയാണ് ഇവിടെ നടപ്പിലാക്കുന്നത്. വെളിയം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ യു പി വിദ്യാര്‍ഥികള്‍ക്കും പ്രയോജനകരമാണിത്. ജില്ലാ പഞ്ചായത്താണ് എല്‍ പി, യു പി ഒഴികെയുള്ള മുതിര്‍ന്ന കുട്ടികള്‍ക്ക് ഭക്ഷണം ഒരുക്കുന്നത്.
ഭക്ഷണം ഉറപ്പാക്കുന്നതിനൊപ്പം പഠനകാലം രസകരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് നടത്തുന്നുണ്ട്. ശിശുസൗഹൃദ വിദ്യാലയങ്ങള്‍ ഒരുക്കിയാണ് വേറിട്ട പ്രവര്‍ത്തനം.  പഞ്ചായത്തിലെ എല്‍ പി, യു പി സ്‌കൂളുകള്‍ക്ക് പിങ്ക് നിറം പകര്‍ന്നാണ് ശിശു-സ്ത്രീസൗഹൃദ ഇടങ്ങളാക്കി മാറ്റിയിട്ടുള്ളത്.  ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സര്‍ക്കാര്‍  സ്‌കൂളുകളിലെല്ലാം  ഒരേ നിറത്തിലാണിപ്പോള്‍. കുട്ടികളില്‍ എല്ലായ്‌പ്പോഴും സന്തോഷം നിറയ്ക്കുന്നതിനായാണ് ശിശു സൗഹൃദ നിറമായ ബേബി പിങ്ക് തിരഞ്ഞെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാല്‍ വ്യക്തമാക്കി.
ഒരു എല്‍ പി സ്‌കൂളും  അഞ്ച് യു പി സ്‌കൂളുകളുമാണ് പഞ്ചായത്ത് പരിധിയിലുള്ളത്.  ഇവയുടെ ചുവരുകള്‍ക്കെല്ലാം നിറം പകരുന്നതിനായി പ്ലാന്‍ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
സ്‌കൂളുകളിലെല്ലാം പ്രത്യേകം  പാര്‍ക്കും നിര്‍മ്മിച്ചിട്ടുണ്ട്.  പൂന്തോട്ടത്തിന്റെ നിറഭംഗിയുള്ള അന്തരീക്ഷത്തില്‍ കുട്ടികള്‍ക്കുള്ള കളികള്‍ക്കായി  ഒട്ടേറെ സംവിധാനങ്ങളും ഒരുക്കി. ചുറ്റുമതിലിനുള്ളില്‍ ഇന്റര്‍ലോക്ക് വിരിച്ച തറയും നിര്‍മിച്ചു. കളി സ്ഥലമടക്കം നിര്‍മാണങ്ങള്‍ക്കായി 14 ലക്ഷം രൂപ ചെലവഴിച്ചു.