പി.എസ്.സിയില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തുന്നത് കുറ്റമറ്റ രീതിയിലാക്കാന്‍ അക്ഷയ സംരംഭകര്‍ക്കായി പ്രത്യേക പരിശീലനം സംഘടിപ്പിച്ചു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പി.എസ്.സി. ചെയര്‍മാന്‍ എം.കെ. സക്കീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പി.എസ്.സി യുടെ സേവനങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിന് അക്ഷയ കേന്ദ്രങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക അറിവുകള്‍ പകര്‍ന്ന് ഇത്തരം കേന്ദ്രങ്ങളെ മെച്ചപ്പെടുത്തുകയാണിപ്പോള്‍. എല്ലാ അക്ഷയ സംരംഭകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ഉദ്യാഗാര്‍ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട ഒറ്റത്തവണ രജിസ്‌ട്രേഷന്‍. സൂക്ഷ്മതയോടെ നിര്‍വ്വഹിക്കാന്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പറഞ്ഞു.   പരിശീലനത്തിലൂടെ കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കാനാകുമെന്നും അദ്ദേം കൂട്ടിച്ചേര്‍ത്തു.
പി.എസ്.സി. അംഗം പി. സുരേഷ്‌കുമാര്‍ അധ്യക്ഷനായി. പി.എസ്.സി അംഗം ഡോ. എം.ആര്‍. ബൈജു, അഡീഷനല്‍ സെക്രട്ടറി ആര്‍. രാമകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി എ. രവീന്ദ്രന്‍ നായര്‍, മേഖലാ ഓഫീസര്‍ വി. വേണുഗോപാല്‍, ജില്ലാ ഓഫീസര്‍ ജി. രാജന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ഷാജി, അക്ഷയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒറ്റത്തവണ രജിസ്‌ട്രേഷന്റെ ഓരോ ഘട്ടവും വിശദമാക്കിയാണ്  അക്ഷയ സംരംഭകര്‍ക്ക്  പരിശീലനം നല്‍കിയത്. അപേക്ഷകര്‍ വരുത്തുന്ന പിഴവുകള്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളും പരിപാടിയില്‍ വിശദീകരിച്ചു.