എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് സ്‌ക്രൈബിനെ വെയ്ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന പരാതിയില്‍ പാലക്കാട് ഒരു സ്‌കൂളിലെ പ്രധാനാധ്യാപികയോട് കമ്മീഷന്‍ വിശദീകരണം തേടി. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഇക്കാര്യം ഉന്നയിച്ച് മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ എത്തിയത്. വിദ്യാഭ്യാസപരമായ ആനുകൂല്യങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ അര്‍ഹരായവര്‍ക്ക് നിഷേധിക്കരുതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
അനങ്ങനടി സ്വദേശിനിക്ക് പഞ്ചായത്തില്‍ നിന്നും മുടങ്ങിയ വിധവ പെന്‍ഷന്‍ ഓണത്തിന് മുമ്പ് കൊടുത്തു തീര്‍ക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. മരണപ്പെട്ടെന്ന് പറഞ്ഞ് ഒരു വര്‍ഷം മുടങ്ങിയതുള്‍പ്പെടെയുള്ള പെന്‍ഷന്‍ ആനുകൂല്യമാണ് അനുവദിക്കുക. സദാചാര ലംഘനം ആരോപിച്ച് മീനാക്ഷിപുരം ഉച്ചിമഹാളിയമ്മന്‍ ക്ഷേത്രസമിതി പ്രദേശവാസികളായ രണ്ടു പേര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ചന്ദ്രനഗറില്‍ സിഗ്നല്‍ സംവിധാനം സുരക്ഷിതമല്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഗതാഗത, പൊതുമരാമത്ത് വകുപ്പ് സംയുക്ത പരിശോധന നടത്തി തയ്യാറാക്കിയ എസ്റ്റിമേറ്റ് ആര്‍.ടി.ഒ.യുടെ അംഗീകാരത്തിന് സമര്‍പ്പിച്ചതായി ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഓഫീസര്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. കമ്മീഷന്‍ അംഗം ഡോ.കെ.മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ 44 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 16 എണ്ണം പരിഹരിച്ചു. അടുത്ത സിറ്റിംഗ് ഓഗസ്റ്റ് 13 ന് നടക്കും.