മുളിയാര്‍ ബോവിക്കാനം ബിഎആര്‍എച്ച്എസ് സ്‌കൂളില്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പിനു പുറമേ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി ജൂലൈ അവസാനം പുതിയ സ്‌പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുമെന്ന് എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മനേജര്‍ ഡോ.രാമന്‍ സ്വാതി വാമന്‍ അറിയിച്ചു. ജൂലൈ 20 നുശേഷമാകും രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തുടക്കമാകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ക്യാമ്പ് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുവാന്‍ നിര്‍ദേശിച്ചതെന്ന് ജില്ലാ പ്രോഗ്രാം മനേജര്‍ പറഞ്ഞു.
ആഗസ്റ്റില്‍ ആയിരിക്കും മെഗാ മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്. ഈ മാസം 20 നുശേഷം അതാത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ക്യാമ്പില്‍ പങ്കെടുത്തിട്ടും ഇതുവരെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ പെടാത്തവര്‍ക്ക് വേണ്ടിയാണ് ക്യാമ്പ്. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും അതാത് പഞ്ചായത്തുകളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ നല്‍കുന്ന ലിസ്റ്റ് 11 ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പരിശോധിക്കും. ഇവര്‍ നല്‍കുന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയാകും മെഡിക്കല്‍ ക്യാമ്പില്‍ 11 വിഭാഗങ്ങളിലായി പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിക്കുന്നത്. 2017 ഏപ്രില്‍ നടത്തിയതുപോലുള്ള മെഗാ മെഡിക്കല്‍ ക്യാമ്പാകും ഇത്. കഴിഞ്ഞ തവണ അഞ്ച് കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ നടത്തിയിരുന്നത്.