കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡില്‍നിന്നും പെന്‍ഷന്‍ വാങ്ങുന്നവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും. അടുത്ത വര്‍ഷം മുതല്‍ ക്ഷേമനിധി ഓഫീസില്‍ നേരിട്ട് നല്‍കാനും അക്ഷയകേന്ദ്രം വഴി സമര്‍പ്പിക്കാനും സംവിധാനമൊരുക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ മുരളി മടന്തകോട് അറിയിച്ചു.
സ്മാര്‍ട്ട് കാര്‍ഡിനുള്ള അപേക്ഷാഫോറം പ്രാദേശിക യൂണിയന്‍ ഭാരവാഹികള്‍ വഴി സ്വീകരിക്കാനും നടപടിയായി.  അപേക്ഷിച്ച് ഒരു മാസത്തിനകം സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാക്കും വിധമാണ് ക്രമീകരണം.
സ്മാര്‍ട്ട് കാര്‍ഡ് വിതരണം എഴുകോണ്‍ ശ്രീലക്ഷ്മി ഫാക്ടറിയില്‍ മുരളി മടന്തകോട് ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് മെമ്പര്‍ പെരിനാട് മുരളി അധ്യക്ഷനായി. അക്കൗണ്ട്‌സ് ഓഫീസര്‍ കെ.ജി. വിജയകുമാര്‍, ബോര്‍ഡംഗം പാല്‍കുളങ്ങര ഹരിദാസ്, പി. തങ്കപ്പന്‍പിള്ള, ഗ്രാമപഞ്ചായത്ത് അംഗം രതീഷ്, ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി.എസ്. അജിത, ഇന്‍സ്‌പെക്ടര്‍ നുഷാദേവി തുടങ്ങിയവര്‍ സംസാരിച്ചു.