തീറ്റപ്പുൽ കൃഷി പരിശീലന കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചു

തീറ്റപ്പുൽ കൃഷിയിലൂടെ ഗുണമേന്മയുള്ള ഗുണമേന്മയുള്ള പാൽ ഉത്പാദനവും പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തതയും സാധ്യമാകുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. വലിയതുറയിൽ ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുൽ കൃഷി പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലിത്തീറ്റയ്ക്ക് വില കൂടുന്ന സാഹചര്യത്തിൽ തീറ്റപ്പുൽ കൃഷിയുടെ ആവശ്യകത കൂടി വരികയാണ്. ഇതിനായി തീറ്റപ്പുൽ കൃഷി നടത്തുന്നവർക്ക് ഹെക്ടറിന് 20000 രൂപ ക്ഷീര വികസന വകുപ്പ് സബ്‌സിഡി നൽകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ഷീര കർഷകർക്കുള്ള തീറ്റപ്പുൽ കൃഷി ധനസഹായവിതരണവും മന്ത്രി നിർവഹിച്ചു.

വി.എസ്.ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ കൗൺസിലർ ബീമാപ്പള്ളി റഷീദ്, ക്ഷീര വികസന വകുപ്പ് ഡയറക്ടർ എസ് ശ്രീകുമാർ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ രാജൻ തുടങ്ങിയവർ പങ്കെടുത്തു.