പ്രവാസി മലയാളികൾക്ക് ആശ്വാസമായ നോർക്കയുടെ എമർജൻസി ആംബുലൻസ്  സേവനം പ്രവർത്തനമാരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്നു.  നോർക്ക റൂട്ട്സും ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷനുമായി സഹകരിച്ച് പ്രവാസികൾക്കായി രൂപീകരിച്ച  ക്ഷേമ പദ്ധതിയാണ് നോർക്ക എമർജൻസി ആംബുലൻസ്  സർവീസ്. ബഹറിൻ, ചിക്കാഗോ, കൊളംബോ, ദമാം, ദോഹ, ദുബായ്, കുവൈറ്റ്, ലണ്ടൻ, സൗദി അറേബ്യ, മസ്‌ക്കറ്റ്, സ്വിറ്റ്സർലാൻഡ്, ഒമാൻ, ഖത്തർ, ഷാർജ, സൗത്ത് ആഫ്രിക്ക, സുഡാൻ, ഇന്ത്യോനേഷ്യ  തുടങ്ങി   ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും  പ്രവാസികളുടെ ഭൗതികശരീരം നാട്ടിലെത്തിച്ചിട്ടുണ്ട്. പ്രവാസികളുടെ ഭൗതിക ശരീരം കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ  നിന്ന് വീട്ടിലെത്തിക്കുന്നതാണ് പദ്ധതി. രോഗബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികളെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന്  വീട്ടിലോ/ ആശുപത്രിയിലോ എത്തിക്കുന്നതിനും പദ്ധതി പ്രയോജനപ്പെടുന്നു. ഇതുവരെ 187  പ്രവാസികളുടെ ഭൗതിക ശരീരവും ഗുരുതരരോഗം ബാധിച്ചവരേയും നോർക്കയുടെ എമർജൻസി ആംബുലൻസ്  സേവനം ഉപയോഗിച്ച് എത്തിച്ചിട്ടുണ്ട്. സേവനം സൗജന്യമാണ്.  അംബുലൻസ്  സേവനം ആവശ്യമുള്ളവർ നോർക്ക റൂട്ട്സിന്റെ  ടോൾഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം) ടോൾഫ്രീ നമ്പരിലും വിളിക്കുകയും norkaemergencyambulance@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പാസ്പോർട്ടിന്റേയും വിമാന ടിക്കറ്റിന്റേയും പകർപ്പ് അയയ്ക്കുകയും വേണം.