കേരളത്തിലെ നഗരപ്രദേശങ്ങളിലുള്ള റോഡ് വികസനം ദേശീയ നിലവാരത്തില്‍ നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കൊല്ലം കോര്‍പറേഷന്‍ നഗരത്തില്‍ സ്ഥാപിച്ച എല്‍.ഇ.ഡി. വിളക്കുകളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സ്റ്റേറ്റ് റോഡ്ഫണ്ട് ബോര്‍ഡിനെയാണ് നഗര റോഡുകളുടെ നിര്‍മ്മാണം ഏല്‍പ്പിക്കുക. 15 വര്‍ഷത്തെ പരിപാലന കരാറോടെയാകും നിര്‍മാണം. ദേശീയപാത നാലുവരിയാക്കിയുള്ള വികസനം അതിവേഗം പുരോഗമിക്കുകയാണ്. തലശ്ശേരി, കോഴിക്കോട് ബൈപാസുകളുടെ ടെണ്ടറായിക്കഴിഞ്ഞു. കഴക്കൂട്ടം മുതല്‍ ചേര്‍ത്തല വരെയുള്ള പാതയ്ക്ക് സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കി 2018 അവസാനത്തോടെ നിര്‍മാണം തുടങ്ങും.
കൊല്ലം ജില്ലയില്‍ കിഴക്കന്‍ മലയോരപാത നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. നീണ്ടകരയില്‍ പുതിയ നാലുവരി പാലം നിര്‍മിക്കും. കൊല്ലം – ചെങ്കോട്ട പാത പുനര്‍നിര്‍മിക്കാനും തീരുമാനമുണ്ട്.
സംസ്ഥാനത്ത് ആദ്യമായി നഗര  സൗന്ദര്യവത്കരണത്തിന് അനുമതി നേടിയത് കൊല്ലം കോര്‍പറേഷനാണ്. എല്‍.ഇ.ഡി ലൈറ്റുകള്‍ക്കൊപ്പം കോര്‍പറേഷന്‍ ആവശ്യപ്പെട്ട ബസ്‌ബേകള്‍, ഷെല്‍ട്ടറുകള്‍ എന്നിവയുടെ നിര്‍മാണത്തിനും അനുമതി നല്‍കി കഴിഞ്ഞുവെന്നും മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി.
ചടങ്ങില്‍ മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനായി. എം. മുകേഷ് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ചിന്ത; എല്‍. സജിത്ത്, എം.എ. സത്താര്‍, എസ്. ഗീതാകുമാരി, എസ്. ജയന്‍, വി.എസ്. പ്രിയദര്‍ശനന്‍, ഷീബ ആന്റണി, മറ്റു കൗണ്‍സിലര്‍മാര്‍, കോര്‍പറേഷന്‍ സെക്രട്ടറി വി.ആര്‍. രാജു, അഡീഷനല്‍ സെക്രട്ടറി ആര്‍.എസ്. അനു തുടങ്ങിയവര്‍ സംസാരിച്ചു.