മത്സാരാധിഷ്ഠിത ബാങ്കിംഗ് രംഗത്ത് ആധുനിക സേവനങ്ങൾ നൽകുന്നതിൽ വിമുഖത കാണിച്ചാൽ പിൻതളളപ്പെടുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ. കൽപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സഹകാരി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ബാങ്കിംഗ് ഇടപാടുകൾ കൂടുതലായി നടത്തുന്നത് യുവസമൂഹമാണ്. സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് ബാങ്കിംഗ് പ്രവർത്തനങ്ങൽ നടക്കുന്ന കാലത്ത് ഇത്തരം സേവനങ്ങൾ നൽകാൻ കഴിയുന്ന പ്രസ്ഥാനമായി ഉയരാൻ സഹകരണ ബാങ്കുകൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ബാങ്ക് നിക്ഷേപങ്ങളിൽ വലിയ സാധ്യതയായ പ്രവാസി നിക്ഷേപങ്ങൾ കൂടുതലായി സമാഹരിക്കാനും ബാങ്കുകൾക്ക് കഴിയണം. സർക്കാർ ഗ്യാരന്റി നൽകുന്ന കൺസോർഷ്യത്തിന് വായ്പ നൽകുന്നത് മൂലം ബാങ്കുകൾക്ക് ലാഭകരമായി മാറുന്ന സാഹചര്യമാണ് നിലവിലുളളത്. ന്യായമായ പലിശക്ക് വായ്പ നൽകാനും സഹകരണ സംഘങ്ങൾക്ക് കനിയണം.

കേരളബാങ്കിന്റെ രൂപീകരണ നടപടികൾ അവസാനഘട്ടത്തിലാണ്. പ്രാഥമിക ബാങ്കിന്റെ പ്രതിനിധികളാണ് കേരള ബാങ്കിന്റെ ഭരണസമിതിയിലും ഉണ്ടാകുക. അതിനാൽ സഹകരണ സ്വഭാവം നഷ്ടപ്പെടുന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. കാലാനുസൃതമായ സഹകരണ നയം രൂപീകരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അതുപോലെ സഹകരണ നിയമ പരിഷ്‌ക്കാരത്തിന് ഒരു കമ്മീഷനും രൂപം നൽകിയിട്ടുണ്ട്. അടുത്ത നിയമസഭ സമ്മേളത്തിൽ നിയമനിർമ്മാണം നടത്തുന്നതിനുളള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭവന നിർമ്മാണ രംഗത്തും സമാനതകളില്ലാത്ത പ്രവർത്തനമാണ് കെയർഹോം പദ്ധതിയിലൂടെ സഹകരണ പ്രസ്ഥാനങ്ങൾ നടത്തിയതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 2,140 വീടുകളാണ് പ്രളയാനന്തര പുനർനിർമാണത്തിനായി നിർമ്മിച്ച് നൽകുന്നത്. 100 കോടി രൂപയാണ് ഇതിനായി സംഘങ്ങളുടെ പൊതു നൻമ ഫണ്ടിൽ നിന്നും ചെലവഴിച്ചത്. വനിത സംഘങ്ങളെയും പട്ടികവർഗ്ഗ പട്ടിക ജാതി സംഗങ്ങളെയും പുനരുജ്ജീവിപ്പിക്കുക എന്ന ദൗത്യവും ഏറ്റെടുക്കേണ്ടത്. ഒരു വർഷത്തെ ലാഭവിഹിതം പൊതുനൻമ ഫണ്ടിലേക്ക് നൽകാൻ അംഗങ്ങൾ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. കടശ്വാസ കമ്മീഷന്റെ അപേക്ഷ സമർപ്പിക്കുന്നതിനുളള വായ്പ പരിധി ഉയർത്തിയത് കടം എഴുതി തളളിയെന്ന വ്യാഖ്യാനം വന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ശരിയല്ല. വിപണ സംഘങ്ങൾക്ക് ബ്രന്റിംഗ് നൽകുന്നതിനുളള നടപടികളും സ്വീകരിച്ച് വരുന്നതായും മന്ത്രി പറഞ്ഞു.

ചടങ്ങിൽ വയനാട് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് പി.വി സഹദേവൻ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.സുരേഷ് ചന്ദ്രൻ, കോട്ടത്തറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.സുരേഷ് മാസ്റ്റർ, ജില്ലാ ജോയിന്റ് രജിസ്ട്രാർ പി.റഹീം,വിവിധ സഹകാരികൾ തുടങ്ങിയവർ സംസാരിച്ചു.