സുൽത്താൻ ബത്തേരി സർവ്വീസ് സഹകരണ ബാങ്ക് സംസ്ഥാനത്തെ പ്രമുഖ സഹകാരികൾക്ക് ഏർപ്പെടുത്തിയ ഫാ. മത്തായി നൂറനാൽ സഹകാരി പുരസ്‌ക്കാര സമർപ്പണവും ഡയാലിസിസ് സെന്റർ ഉദ്ഘാടനവും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. സുൽത്താൻ ബത്തേരി ഫാദർ മത്തായി നൂറനാൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സഹകരണ പ്രസ്ഥാനങ്ങൾ കേവലം ധനകാര്യ സേവനങ്ങൾ നൽകുന്നതിലുപരി നാട്ടിലെ ജനങ്ങളുടെ സമഗ്ര വികസനത്തിന് സഹായകരമാകുന്ന പദ്ധതികൾ ഏറ്റെടുക്കാൻ സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. ക്ഷേമ പ്രവർത്തനങ്ങൾക്കായി തയ്യാറാക്കുന്ന പദ്ധതികൾക്ക് സർക്കാർ പിന്തുണ നൽകും. എന്നാൽ അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്നും മന്ത്രി ഓർമിപ്പിച്ചു.

ചടങ്ങിൽ പാല കീഴ്തടിയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജ്.സി. കാപ്പന് ഫാദർ മത്തായി നൂറനാൽ സഹകാരി പുരസ്‌ക്കാരം മന്ത്രി സമ്മാനിച്ചു. ബത്തേരി സർവ്വീസ് സഹകരണ ബാങ്കിന്റെ ഏഴ് പതിറ്റാണ്ട് കാലത്തെ സേവന ചരിത്രമുൾക്കൊളളിച്ചു കൊണ്ടുളള സുവനീർ കെ.പി ശ്രീശൻ പ്രകാശനം ചെയ്തു. ബത്തേരി നഗരസഭ ചെയർ പേഴ്സൺ കെ.എൽ സാബു, നഗരസഭാംഗം സി.കെ സഹദേവൻ, സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാർ പി.റഹീം, ബത്തേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.സി ഗോപിനാഥ്, ഫാദർ അനീഷ് ജോർജ് മാമ്പള്ളിൽ, കെ.ജി ഗോപാലപിളള, സി.വി ജെസ്സി തുടങ്ങിയവർ പങ്കെടുത്തു.