കൊച്ചി: സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യ കർഷക വികസന ഏജൻസി പറവൂർ താലൂക്ക് അക്വാകൾച്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മത്സ്യ കർഷകർക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പള്ളി നിർവഹിച്ചു.

‘ഓരു ജല മത്സ്യകൃഷി – വിവിധ ശാസ്ത്രീയ രീതികൾ’ എന്ന വിഷയത്തെ സംബന്ധിച്ച് എം.പി.ഇ.ഡി.എ അസിസ്റ്റന്റ് ഡയറക്ടർ എൽസമ്മ ഇത്താക്ക് ക്ലാസ് നയിച്ചു. മത്സ്യകൃഷിയുടെ നിയമ വ്യവസ്ഥകൾ, എഫ്.എഫ്.ഡി.എ വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ എന്നിവയെ സംബന്ധിച്ച് ഫിഷറീസ് സബ് ഇൻസ്പെക്ടർ ലീന തോമസ് ക്ലാസെടുത്തു. നൂതന കൃഷി രീതിയായ അക്വാപോണിക്സിനെ സംബന്ധിച്ച് എം.പി.ഇ.ഡി.എ പ്രതിനിധി മഞ്ജുഷ ക്ലാസ് നയിച്ചു. കോട്ടുവള്ളി, ഏഴിക്കര, വരാപ്പുഴ പഞ്ചായത്തുകൾ, പറവൂർ നഗരസഭ എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യ കർഷകരും വിവിധ പഞ്ചായത്തുകളിലെ അക്വാകൾച്ചർ പ്രമോട്ടർമാരും ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ, മത്സ്യഫെഡ് ബോർഡ് അംഗം കെ.സി രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ആർ സൈജൻ, സീതാലക്ഷ്മി അനിൽകുമാർ, പറവൂർ താലൂക്ക് കോഡിനേറ്റർ സൂര്യ എ.ബി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ക്യാപ്ഷൻ: മത്സ്യ കർഷകർക്കായി നടത്തിയ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പള്ളി നിർവഹിക്കുന്നു.