കുറുമശ്ശേരി: പ്രളയത്തെ തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ച പാറക്കടവ് ബ്ലോക്കിലെ ചെറുകിട വ്യവസായികൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ ഉജ്ജീവന പദ്ധതി. പ്രളയബാധിത ലിസ്റ്റിൽ ഉൾപ്പെട്ട ചെറുകിട വ്യവസായികൾക്ക് ലോൺ സബ്സിഡി നൽകുന്ന പദ്ധതിയായ ഉജ്ജീവനയിൽ ബ്ലോക്കിൽ 40 പേർക്കാണ് സഹായം ലഭിച്ചത്. പരമാവധി രണ്ടു ലക്ഷം രൂപ വരെ ലോൺ സബ്സിഡിയായി ഇവർക്കും ലഭിക്കും. ചെറുകിട സൂക്ഷ്മ വ്യവസായികൾക്ക് പലിശയിൽ എട്ട് ശതമാനം വരെ ഇളവ് ലഭിക്കുന്ന പദ്ധതിയും വ്യവസായികൾക്കായി സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. പാറക്കടവ് ബ്ലോക്കിൽ പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവരുടെ ലിസ്റ്റിൽ 700 കടകളും 180 ചെറുകിട വ്യവസായികളുമാണുള്ളത്. ഇതിൽ 40 പേർ സബ്സിഡി ലോണുകൾ നേടി പുനരധിവാസ പ്രവർത്തനങ്ങൾ നടത്തി.