* 115 വീടുകളുടെ താക്കോല്‍ദാനം നടന്നു

* 375 പേര്‍ക്ക് ദുരിതാശ്വാസ ധനസഹായം വിതരണം ചെയ്തു

മഹാപ്രളയത്തെ അതിജീവിച്ച മലയാളികള്‍ നവകേരളം നിശ്ചയമായും നിര്‍മിക്കുകതന്നെ ചെയ്യുമെന്ന് പട്ടികജാതി – പട്ടികവര്‍ഗ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍.  ജനപിന്തുണയോടെ സര്‍ക്കാര്‍ നടത്തുന്ന നവകേരള നിര്‍മാണ പ്രക്രിയയ്ക്ക് അകമഴിഞ്ഞ സംഭാവനയാണ് പൊതുസമൂഹം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.  സര്‍ക്കാര്‍ നടപ്പാക്കിയ പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കാനായി സംഘടിപ്പിച്ച ‘ജനകീയം ഈ അതിജീവനം’ പൊതുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായും ശാസ്ത്രീയമായും നേരിടാനുള്ള പദ്ധതികളുടെകൂടി അടിസ്ഥാനത്തിലാണ് പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളായാണ് ഈ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍നിന്നു കരയേറാന്‍ പൊതു സമൂഹം സര്‍ക്കാരിനൊപ്പം നിന്നു പ്രവര്‍ത്തിച്ചത് ലോകത്തിനുതന്നെ മാതൃകയായിരുന്നു. ഈ കൂട്ടായ്മയും ഐക്യവുമാണ് നവകേരള സൃഷ്ടിയുടെ ഏറ്റവും വലിയ ബലം.

പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ഇത്തരം പരാതികള്‍ക്ക് ഉടനടി പരിഹാരം കാണാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനവും ദുരിതാശ്വാസ ധനസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു. 310 വീടുകളാണ് ജില്ലയില്‍ മഴക്കെടുതിയില്‍ പൂര്‍ണമായി തകര്‍ന്നത്. ഇതില്‍ പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 115 വീടുകളുടെ താക്കോല്‍ദാനം ചടങ്ങില്‍ നടന്നു. ഭാഗീകമായി വീടുകള്‍ തകര്‍ന്ന 3759 പേരില്‍ 3298 പേര്‍ക്ക് നേരത്തെ ധനസഹായം വിതരണം ചെയ്തിരുന്നു. ബാക്കിയുള്ളവരില്‍ 375 പേര്‍ക്കുള്ള ദുരിതാശ്വാസ ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്തു. ശേഷിക്കുന്നവര്‍ക്കുള്ള ധനസഹായം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എസ്.എം.വി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ജില്ലയില്‍ ഇതുവരെ പൂര്‍ത്തിയാക്കിയ പ്രളയാന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അനു എസ്. നായര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഗമത്തില്‍ പങ്കെടുത്തു.