അതിജീവന ക്ഷമതയുള്ള കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും പുനർ നിർമ്മാണ പ്രവർത്തനത്തിൽ ഒരാൾ പോലും വിട്ടു പോകതെയുള്ള പ്രവർത്തനമാണ് റീ ബിൽഡ് കേരളയിലൂടെ ഉദ്ദേശിക്കുന്നതെന്നും സഹകരണ, ടൂറിസം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ. കട്ടപ്പന ടൗൺ ഹാളിൽ നടന്ന ജനകീയം ഈ അതിജീവനം സാമൂഹിക സംഗമം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രളയാനന്തര പുനർനിർമ്മാണം സംസ്ഥാനത്ത് അതിവേഗത്തിൽ നടന്നുവരുന്നു. ചരിത്ര ദൗത്യമാണ്  കേരളത്തിൽ നടന്നു വരുന്നത്.   സഹകരണ മേഖലയുടെ സഹായത്തോടെ കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളുടെ പുനർ നിർമ്മാണം, റോഡുകളുടെ പുനരുദ്ധാരണം, വിനോദ സഞ്ചാര മേഖല, ആരോഗ്യം രംഗത്തെ പ്രവർത്തനങ്ങൾ, മൃഗ സംരക്ഷണം തുടങ്ങി വിവിധ തലങ്ങളിൽ  അതിജീവനത്തിലൂടെ മുന്നേറുകയാണ് കേരളം. സഹകരണ മേഖലയുടെ സഹായത്തോടെ 2000 ഫ്ലാറ്റുകളുടെ നിർമ്മാണം പൂർത്തിയാക്കാനും സർക്കാർ പദ്ധതി ആരംഭിക്കും,
 ഇടുക്കി ജില്ലക്ക് അനുവദിച്ച 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് വരുന്ന വർഷങ്ങളിൽ വിവിധ പദ്ധതികൾക്കായി വിനയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രളയകാലത്ത് വിവിധ വകുപ്പുകളിലെ ജീവനക്കാർ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും കളക്ടർ മുതൽ താഴെത്തട്ടിലുള്ള ജീവനക്കാർവരെ കൈ കോർത്ത് പ്രവർത്തിച്ചത് പ്രളയബാധിതർക്ക് കൈത്താങ്ങായെന്നും  ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ച പീരുമേട് എം എൽ എ ഇ എസ് ബിജിമോൾ പറഞ്ഞു.
സമയബന്ധിതമായി പ്രളയാനന്തര പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നു,പുനരധിവാസത്തിന് സഹകരണ മേഖല മികച്ച പിന്തുണ നൽകി, യുവജനങ്ങളുടെയടക്കം ഒത്തൊരുമ പ്രളയക്കാലത്ത് ജില്ലക്ക്  തുണയായതായും ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന ഇടുക്കി എം എൽ എ റോഷി അഗസ്റ്റ്യൻ പറഞ്ഞു.
ചടങ്ങിൽ ജില്ലാ കളക്ടർ എച്ച് ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രളയത്തിനു ശേഷം ജില്ലയിൽ വിവിധ മേഖലകളിൽ  നടത്തി വരുന്ന പുനർ നിർമ്മാണ പ്രവർത്തനങ്ങൾ കളക്ടർ വിവരിച്ചു.
പ്രളയകാലത്തെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളായ  41 ഓളം വിവിധ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.കെയർ ഹോം  പദ്ധതിയിൽ പൂർത്തിയായ വീടുകളുടെ താക്കോൽദാനം, വയറിംഗ് കിറ്റ് വിതരണം ,പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ലഭ്യമായ ഭൂമിയുടെ കൈവശവകാശ രേഖകളുടെ വിതരണം എന്നിവയും ചടങ്ങിൽ നടന്നു.
കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാഞ്ചിയാർ രാജൻ, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആർ ശശി, അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എ.എൽ ബാബു,ദേവികുളം സബ് കളക്ടർ ഡോ.രേണു രാജ്, എഡിഎം ആൻറണി സ്കറിയ, ആർഡിഒ അതുൽ എസ് നാഥ്, കട്ടപ്പന നഗരസഭ കൗൺസിലർമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ അനിൽ കൂവപ്ലാക്കൽ ,ഷാജി നെല്ലി പറമ്പിൽ, വി.ആർ സജി, വി എസ് രതീഷ് തുടങ്ങിയവരും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടന പ്രതിനിധികളും പങ്കെടുത്തു.