നിർമാണം പൂർത്തീകരിച്ച 23 കെയർ ഹോം വീടുകളുടെ താക്കോൽ ദാനം സഹകരണ വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ നിർവഹിച്ചു. പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കട്ടപ്പനയിൽ സംഘടിപ്പിച്ച  ഗുണഭോക്താക്കളുടെ പൊതു ജന  സംഗമത്തിലാണ് താക്കോൽ ദാനം നിർവഹിച്ചത്.
ഉടുമ്പഞ്ചോല താലൂക്കിന്റെ കീഴിലുള്ള സേനാപതി, ശാന്തിഗ്രാം, നെടുംകണ്ടം, കൂട്ടാർ, മലനാട് സഹകരണ ബാങ്കുകളിൽ നിന്നുമായി 9 പേരുടെയും പീരുമേട് താലൂക്കിന്റെ കീഴിലുള്ള പാമ്പനാർ, മലനാട്, അമരാവതി, ചെങ്കര സഹകരണ ബാങ്കുകളിൽ നിന്നുമായി 5 പേരുടെയും ദേവികുളം താലൂക്കിന്റെ വെള്ളത്തൂവൽ, അടിമാലി, എല്ലക്കൽ സഹകരണ ബാങ്കുകളിൽ നിന്നുമായി 5 പേർക്കും തൊടുപുഴ താലൂക്കിന്റെ കീഴിലുള്ള മുട്ടം, അറക്കുളം, വണ്ണപ്പുറം സഹകരണ ബാങ്കുകളിൽ നിന്നുമായി 4 പേരുടെയും ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി, വെള്ളത്തൂവൽ സർവീസ് സഹകരണ ബാങ്കുകളിൽ നിന്നുമായി 4 പേർക്കുമാണ് ചടങ്ങിൽ താക്കോൽ വിതരണം ചെയ്തത്.

സംസ്ഥാന സര്‍ക്കാര്‍ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച  പദ്ധതിയാണ്  കെയര്‍ ഹോം. ജില്ലയില്‍  170 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ആകെ 212 വീടുകളാണ് സര്‍ക്കാര്‍ നിര്‍മിച്ചു നല്കുന്നത്. അഞ്ചു ഘട്ടങ്ങളിലായാണ് 170 വീടുകളുടെയും നിര്‍മാണം പൂര്‍ത്തികരിച്ചു  താക്കോല്‍ദാനം നിര്‍വഹിച്ചു. 23 വീടുകളുടെ താക്കോലാണ് ഇന്നലെ  കട്ടപ്പനയില്‍  നടന്ന ജനകീയം ഈ അതിജീവനത്തിൽ  നല്കിയത് . ശേഷിക്കുന്ന 29 വീടുകള്‍ ജൂലൈ 31 നകം പൂര്‍ത്തികരിക്കുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ പറഞ്ഞു.