പാലക്കാട്: ഗ്രാമീണ മേഖലയില്‍ തൊഴിലും വരുമാനവും ഉറപ്പാക്കുന്ന കാര്‍ഷികാധിഷ്ഠിത വ്യവസായമായ പട്ടുനൂല്‍പ്പുഴു പരിപാലനം, മള്‍ബറികൃഷി എന്നിവയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.പി.വേലായുധന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെറികള്‍ച്ചര്‍ ഓഫീസര്‍ ഇ.ശശി അധ്യക്ഷനായി.

ജില്ലയിലെ പട്ടാമ്പി, തൃത്താല ബ്ലോക്കുകളൊഴികെ 11 ബ്ലോക്കുകളിലും മള്‍ബറി കൃഷി മികച്ച രീതിയില്‍ നടപ്പിലാക്കുന്നുണ്ട്. 200 ലേറെ കര്‍ഷകരാണ് ഈ മേഖലയിലുള്ളത്. സെറികള്‍ച്ചര്‍ രംഗത്ത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് സംസ്ഥാനത്തിന്റെ നോഡല്‍ ഓഫീസറും സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറിയുമായ സുഡലൈമണി ക്ലാസെടുത്തു. കൂടാതെ പട്ടുനൂല്‍കള്‍ക്കുണ്ടാകുന്ന രോഗം, പ്രതിവിധികള്‍ എന്നിവയെക്കുറിച്ച് സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് സയന്റിസ്റ്റായ കെ.സരള, പട്ടുനൂല്‍പ്പുഴുവിന്റെ കീടബാധ നിയന്ത്രണത്തെക്കുറിച്ച് സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് സയന്റിസ്റ്റ് എം.ശ്യാമള എന്നിവര്‍ ക്ലാസെടുത്തു.