കൊച്ചി: സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്റെ പൊതു ഹിയറിങ് ജനുവരി നാല് വ്യാഴാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. കുടിയേറ്റ തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ക്ഷേമപദ്ധതികളും നിയമങ്ങളും സംബന്ധിച്ച അഭിപ്രായ സമാഹരണമാണ് ഈ ഹിയറിങിന്റെ ലക്ഷ്യം. രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന ഹിയറിങിന് കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ നേതൃത്വം നല്‍കും. കമ്മീഷന്‍ അംഗവും മുന്‍ ചീഫ് സെക്രട്ടറിയുമായ സി.പി. നായര്‍, ഷീല തോമസ് എന്നിവരും പങ്കെടുക്കും. ഒന്‍പതു മണിക്കാണ് രജിസ്‌ട്രേഷന്‍.
വി.എസ്. അച്യുതാനന്ദന്‍ ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി. നായര്‍, നീലഗംഗാധരന്‍ എന്നിവര്‍ അംഗങ്ങളുമായി 2016 ഓഗസ്റ്റിലാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ചത്. വിജിലന്‍സ് സംവിധാനത്തിന്റെ പരിഷ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഭരണപരിഷ്‌കാരകമ്മീഷന്‍ ആദ്യമായി സര്‍ക്കാരിന് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഭരണസംവിധാനത്തിന്റെ ശേഷിവികസനം സംബന്ധിച്ച് വിദഗ്ധസമിതി രൂപീകരിച്ച് കമ്മീഷന്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഈ മാസം സര്‍ക്കാരിന് സമര്‍പ്പിക്കും. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്കായി ആവിഷ്‌കരിച്ചിട്ടുള്ള ക്ഷേമനിയമങ്ങളുടെ ഫലപ്രാപ്തി സംബന്ധിച്ച റിപ്പോര്‍ട്ട് ഫെബ്രുവരിയിലും ജനസൗഹൃദസേവനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് മാര്‍ച്ച് – ഏപ്രില്‍ മാസത്തിലും സമര്‍പ്പിക്കും.
സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച ഹിയറിങ് ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് നടത്തി. നാലിന് എറണാകുളത്ത് നടക്കുന്ന ഹിയറിങിന് ശേഷം അഞ്ചിന് പാലക്കാട് ടൗണ്‍ഹാളിലും 11ന് കണ്ണൂര്‍ പൊലീസ് സഭാ ഹാളിലും ഹിയറിങ് നിശ്ചയിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുമായി ആവിഷ്‌കരിച്ചിട്ടുള്ള ക്ഷേമനിയമങ്ങള്‍ സംബന്ധിച്ചാണ് പാലക്കാട്ടെ ഹിയറിങ്. മാനസികാരോഗ്യം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമനിയമങ്ങള്‍ എന്നിവയാണ് കണ്ണൂരിലെ വിഷയം. ഹിയറിങിനായി നിശ്ചയിച്ചിട്ടുള്ള വിഷയങ്ങള്‍ക്ക് പുറമെ ക്ഷേമനിയമങ്ങളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കമ്മീഷന്‍ തെരഞ്ഞെടുത്തിട്ടുള്ള മറ്റ് വിഷയങ്ങളിലും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കും.
നാലിന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ഹിയറിങിന് മുന്നോടിയായി കളക്ടറേറ്റില്‍ ആലോചനായോഗം ചേര്‍ന്നു. ഭരണപരിഷ്‌കാര കമ്മീഷന്‍ അഡീഷണല്‍ സെക്രട്ടറി ടി.പി. ബാബു, ഡപ്യൂട്ടി കളക്ടര്‍ പി.എന്‍. സുരേഷ്‌കുമാര്‍, ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ എ.ആര്‍. പ്രേംകുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പ്രീതി വില്‍സണ്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.കെ കുട്ടപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.