അധ്യാപകന്‍ മാതൃകാ അധ്യാപകനാവുന്നത് ആശയങ്ങള്‍ വിദ്യര്‍ത്ഥികളിലേക്ക് കൈമാറുമ്പോളാണെന്ന് വിദ്യഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പ്രസ്താവിച്ചു.താത്വികമായ ദര്‍ശനങ്ങളും അക്കാദമിക് ചര്‍ച്ചകളും വി്ദ്യഭ്യാസപുരോഗതിക്ക് ആവശ്യമാണ്.എന്നാല്‍ ചോദ്യങ്ങള്‍ മനസ്സിലുള്ള വിദ്യര്‍ത്ഥി സമൂഹത്തെ സൃഷ്ടിച്ചാല്‍ മാത്രമേ പൊതുവിദ്യഭ്യാസ സംരക്ഷണം യജ്ഞമായി മാറുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.
കാസറഗോഡ് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ പൊതുവിദ്യഭ്യാസ സംരക്ഷണം യജ്ഞവുമായി ബന്ധപ്പെ് ട്ട് ജില്ലയിലെ പ്രൈമറി ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരുടെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഹയര്‍ സെക്കന്ററി പ്രന്‍സിപ്പല്‍മാരുടെയും വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും സംയുക്തയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .
ചോദ്യങ്ങള്‍ക്കുള്ള അതിരുകള്‍ ചക്രവാളങ്ങളും കടന്നു പോകണം .നേടുന്ന അറിവുകള്‍ നൂതനങ്ങളാകുന്നത് അപ്പോഴായിരിക്കും. അറിവ് എന്നത് എഴുതി ചേര്‍ക്കപ്പെട്ടതല്ല കണ്ടെത്തുന്നതാണ്. എത്രയും സുന്ദരമായി കണക്ക് പഠിപ്പിക്കണമെങ്കില്‍ കണക്കിന്റെ സൗന്ദര്യം അദ്ധ്യാപകന് കണ്ടെത്താനാവണമെന്ന് മന്ത്രി പറഞ്ഞു. അക്കാദമിക്ക് മികവ് ലക്ഷ്യമിട്ട് എല്ലാ വിദ്യാലയങ്ങളോടും അക്കാദമിക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് ജനകീയമായി ഉണ്ടാക്കണം. തദ്ദേശ സ്ഥാപനങ്ങളും പി.ടി.എ യും പൊതു സമൂഹവുമെല്ലാം ഇതില്‍ പങ്കാളിത്തം വഹിക്കണം. പഠനത്തില്‍ മാത്രമല്ല ജീവിതത്തിലും എ പ്ലസ് നേടുന്ന വിദ്യാര്‍ത്ഥി സമൂഹത്തെയാണ് അദ്ധ്യാപകര്‍ സൃഷ്ടിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.ഇ.ഒ ഡോ.പി.കെ.ജയശ്രീ വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ.സി.രാമകൃഷ്ണന്‍ ആര്‍.എം.എസ്.എ അക്കാദമിക്ക് പ്രൊജക്ട് ഓഫീസര്‍ രതീഷ് കാളിയാടന്‍ ഹയര്‍ സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഗോകുല്‍ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. എസ്.എസ്.എ തയ്യാറാക്കിയ മികവിന്റെ പാത എന്ന പഠന സമാഹാരം ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഗിരീഷ് ചോലയില്‍ സ്വാഗതവും എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി.പി.വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.