ജില്ലാ ആസൂത്രണ സമിതി യോഗം ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ചേർന്നു. മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭേദഗതി ചെയ്തു പരിഷ്‌ക്കരിച്ച വാർഷിക പദ്ധതികൾക്ക് അംഗീകാരം നല്കി. സംയോജിത പദ്ധതികൾ സർക്കാരിലേക്ക് സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

സംയോജിത പദ്ധതി തുക വിഹിതത്തിലെ ആശയ കുഴപ്പം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ജില്ലയിലെ മാതൃക/ ന്യൂതന പദ്ധതികളുടെയും നിലവിലെ ഭരണസമിതികൾ വിജയിപ്പിച്ച ശ്രദ്ധേയമായ പദ്ധതികളുടെയും വിവരങ്ങൾ ലഭ്യമാക്കാൻ സമിതി ആവശ്യപ്പെട്ടു. ഇത്തരം പ്രൊജക്ടുകളുടെ സംസ്ഥാനതല അവതരണം നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്.

പ്രളയാനന്തരം ജില്ലാ നഗര ആസൂത്രണ വിഭാഗം തയ്യാറാക്കിയ ദുരന്ത നിവാരണ ഭൂപടങ്ങൾ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറി. പച്ചപ്പ് പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന രാഷ്ട്രീയ ഗ്രാമീണ സ്വരാജ് അഭിയാൻ പദ്ധതി വിശദീകരിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തിട്ടുള്ള പല പ്രവൃത്തികളുടെയും നിർവ്വഹണവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി തുടങ്ങിയ ഏജൻസികളിൽ വർഷങ്ങളായി ധാരാളം തുക ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ശേഖരിക്കാൻ പ്രത്യേകം യോഗം ചേരാനും തീരുമാനമായി.

ജില്ലാ പഞ്ചായത്ത് ജീവനം പദ്ധതിക്കായി കുടുംബശ്രീ ജില്ലാ മിഷൻ സ്വരൂപിച്ച 3,11,031 രൂപ സിഡിഎസ് അംഗങ്ങളും ജില്ലാ കോർഡിനേറ്റർ പി. സാജിതയും ചേർന്ന് പ്രസിഡന്റിനു കൈമാറി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അരലക്ഷം രൂപയും കൈമാറി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടർ എ.ആർ അജയകുമാർ, ജില്ലാ പ്ലാനിങ് ഓഫീസർ കെ.എം സുരേഷ്, ജനപ്രതിനിധികൾ, ഡിപിസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.