മലബാര്‍ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ തുഴയെറിയുന്ന താരങ്ങള്‍ക്ക് നഗരത്തിന്റെ ആവേശോജ്ജ്വല സ്വീകരണം.  വിദേശ താരങ്ങളടക്കം 20 പേര്‍ക്കാണ് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പരിസരത്ത് സ്വീകരണം നല്‍കിയത്.  ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറേശ്ശരി,  ജില്ലാ കലക്ടര്‍ സാംബശിവറാവു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. എല്ലാ കായികപ്രേമികളെയും പ്രോത്സാഹിപ്പിക്കുന്ന ജില്ലയാണ് കോഴിക്കോട്. കായികമേഖലെയെ പോഷിപ്പിക്കുന്നതിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കായിക മേഖലയില്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
26 മുതല്‍ 28 വരെ കോടഞ്ചേരി ചാലിപ്പുഴ, തിരുവമ്പാടി ഇരുവഴിഞ്ഞിപ്പുഴ എന്നിവിടങ്ങളിലാണ് കയാക്കിങ് മത്സരങ്ങള്‍ നടക്കുന്നത്. 26ന് സഹകരണം-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ഇന്ത്യ, ഇറ്റലി, മലേഷ്യ, നേപ്പാള്‍, ഇസ്രായേല്‍, ഓസ്ട്രേലിയ, അമേരിക്ക, ബ്രിട്ടന്‍,റഷ്യ തുടങ്ങി ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ഇത്തവണ മത്സരത്തിനെത്തുന്നത്.