പരിസ്ഥിതിയുടെ കാവലാളുകളായി ആയിരത്തിലധികം എൻ എസ്.എസ് വളണ്ടിയർമാരെ സൈക്കിൾ ബ്രിഗേഡുകളാക്കി മാറ്റുന്ന പദ്ധതി കേരളത്തിന് മാതൃകയാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കൂളിൽ സൈക്കിൾ ബ്രിഗേഡ് പ്രഖ്യാപനവും സൈക്കിൾ വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി .

സുമനസുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് എല്ലാവിധ പിന്തുണയും നൽകും.  പുതുതലമുറയിൽ പോലും ക്യാൻസർ അടക്കമുള്ള മാരക രോഗങ്ങൾ വർദ്ധിക്കുന്ന വർത്തമാനകാലസാഹചര്യത്തിൽ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമായ സൈക്കിൾ സഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം നടത്തും .ന്യൂ ജനറേഷൻ കായിക ഇനമായി സൈക്കിളിനെ മാറ്റുക വഴി ചലനാത്മകവും സർഗാത്മകവുമായ ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാനുള്ള ശ്രമം പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.

സൈക്കിൾ സ്വപ്നമായി കൊണ്ടു നടക്കുന്ന പാവപ്പെട്ട വിദ്യാർഥികൾക്ക് സ്പോൺസർമാരുടെ സഹകരണത്തോടെ സൗജന്യമായി സൈക്കിൾ നൽകുന്ന സൈക്കിൾ സ്മൈൽ പദ്ധതിയുടെ ഭാഗമായി സൈക്കിൾ വിതരണവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു . പുനരുപയോഗത്തിന് സാധ്യമായ 10 സൈക്കിളുകളും സൈക്കിൾ ക്ലിനിക്ക് വഴി റിപ്പേർ ചെയ്ത് നൽകി .