സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതിയായ ലൈഫ് മിഷൻ വയനാട് ജില്ലയിൽ 9,081 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച 8060 വീടുകളും രണ്ടാംഘട്ടത്തിൽ ഇതുവരെ പൂർത്തീകരിച്ച 863 വീടുകളും റിബിൽഡ് കേരളയുടെ ഭാഗമായി പൂർത്തിയാക്കിയ 158 വീടുകളുമടക്കമാണിത്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 91 ശതമാനം വീടുകളുടെ നിർമ്മാണവും പൂർത്തിയായി.

അവശേഷിക്കുന്ന 800 വീടുകളുടെ നിർമ്മാണ പ്രവർത്തികൾ അവസാനഘട്ടത്തിലാണ്. 2019 മാർച്ചിനുശേഷം തുടങ്ങിയ രണ്ടാംഘട്ടത്തിൽ അർഹരെന്നു കണ്ടെത്തി എഗ്രിമെന്റ് വച്ച 3855 ഗുണഭോക്താക്കളിൽ നിന്നാണ് 863 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഒന്നാംഘട്ടത്തിൽ വർഷങ്ങളായി വിവിധ ഭവനപദ്ധതികളിൽ ഉൾപ്പെട്ടിട്ടും പൂർത്തികരിക്കാതെപോയ ഭവനങ്ങളെയും രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരെയുമാണ് ലൈഫ് മിഷനിൽ ഉൾപ്പെടുത്തിയത്.

ആദ്യഘട്ടത്തിൽ അർഹരായ 8861 ഗുണഭോക്താകെയാണ് കണ്ടെത്തിയത്. ഇതിൽ 8060 വീടുകളുടെ നിർമ്മാണവും മിഷൻ സമയബന്ധിതമായി പൂർത്തിയാക്കി. ഈ ഗുണഭോക്താക്കളിൽ 6430 കുടുംബങ്ങളും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. ഇതിൽ 5770 വീടുകളുടെ നിർമ്മാണവും മിഷൻ പൂർത്തിയാക്കി.

രണ്ടാംഘട്ടത്തിൽ എഗ്രിമെന്റ് വച്ച 484 ആദിവാസി ഗുണഭോക്താക്കളിൽ 54 ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയായി. 420 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ ആദിവാസി വിഭാഗത്തിന് ആറു ലക്ഷം രൂപയും ജനറൽ വിഭാഗത്തിൽ നാലു ലക്ഷം രൂപയുമാണ് വകയിരുത്തിയത്.

മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരെയും നാലാംഘട്ടത്തിൽ ജീർണ്ണാവസ്ഥയിലുള്ള പുനരുദ്ധാരണവുമാണ് ലൈഫ് മിഷനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മൂന്നാംഘട്ടത്തിൽ ജില്ലയിൽ നിന്നും സർവ്വേയിലൂടെ 7655 ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ട്.

ആഗസ്‌റ്റോടു കൂടി ഗുണഭോക്താക്കളുടെ പട്ടിക സൂക്ഷ്മ പരിശോധന നടത്തി അനർഹരെ ഒഴിവാക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. നിലവിൽ പൂതാടി പഞ്ചായത്ത് ചെറുകുന്നിൽ ഭൂരഹിത ഭവനരഹിതർക്കായി വീടു വച്ചുനല്കാൻ 60 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മറ്റു തദ്ദേശ സ്ഥാപനങ്ങളും മൂന്നാംഘട്ടത്തിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്.