ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ ഇനി ഓൺലൈനായി ബുക്ക് ചെയ്യാം. ഡിടിപിസിക്കു കീഴിലെ ടൂറിസം കേന്ദ്രങ്ങൾ മൊബൈൽ ആപ്പിലൂടെ ബുക്ക് ചെയ്യാനുള്ള കേന്ദ്രീകൃത ടിക്കറ്റിങ് സൗകര്യം എർപ്പെടുത്തുന്ന പ്രവർത്തികൾ ആരംഭിച്ചു.

പൂക്കോട്, കർലാട്, കാന്തൻപാറ, എടക്കൽ ഗുഹ, പ്രിയദർശിനി എസ്റ്റേറ്റ്, പഴശ്ശി പാർക്ക്, മാവിലാന്തോട് പഴശ്ശി മ്യൂസിയം, വയനാട് ഹെറിറ്റേജ് മ്യൂസിയം തുടങ്ങി പന്ത്രണ്ടോളം ടൂറിസം കേന്ദ്രങ്ങളിൽ ഇത്തരത്തിൽ ഓൺലൈൻ ബുക്കിങ് സൗകര്യം ലഭ്യമാക്കും.

മൊബൈൽ ആപ്ലിക്കേഷനിലൂടെയും wayanadtourism.org എന്ന വെബ്‌സൈറ്റിലൂടെയും സഞ്ചാരികൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളാണ് എർപ്പെടുത്തുന്നതെന്ന് ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിടിപിസി അധികൃതർ അറിയിച്ചു.

ടൂറിസം കേന്ദ്രങ്ങളിലെ സയമക്രമം, കാലാവസ്ഥ വിവരങ്ങൾ, സുരക്ഷ ക്രമീകരണങ്ങൾ തുടങ്ങിയ വിവരങ്ങളും ഇതിലൂടെ ലഭ്യമാക്കും. ഡിടിപിസി സെക്രട്ടറി ബി. ആനന്ദ്, മാർക്കറ്റിങ് കോ- ഓഡിനേറ്റർ സുബിൻ ജി ഫിലിപ്പ്, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.