കോതമംഗലം-ആദിവാസി ഊരുകളിൽ താമസിക്കുന്നവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി ‘ഊര് ആശ’ പദ്ധതി നടപ്പാക്കുന്നു. കോതമംഗലം നിയോജക മണ്ഡലത്തിലെ 16 ആദിവാസി ഊരുകളിലുള്ളവരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദിവാസി സമൂഹത്തിന് യോജിക്കുന്ന തരത്തിലുള്ള പ്രത്യേക ആരോഗൃ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണ് പദ്ധതി .

ഇതിന്റെ ഭാഗമായി ഓരോ ഊരിലേയും ജനങ്ങൾ അവർക്കിടയിൽ നിന്നും തന്നെ തെരഞ്ഞെടുക്കുന്ന സന്നദ്ധ പ്രവർത്തകരെയാണ് ‘ഊര് ‘ ആശ പ്രവർത്തകരായി നിയമിക്കുന്നത്. അതാത് ഊരുകളിൽ താമസിക്കുന്ന വിവാഹിതയും ഒരു കുഞ്ഞെങ്കിലും ഉള്ളവരുമായ സ്ത്രീയെ ആണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.

ഇത്തരത്തിൽ യോഗ്യതയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വിശദമായ പരിശീലനം നൽകി അവരുടെ ഊരുകളിൽ ആവശ്യമായ ആരോഗ്യ സേവനങ്ങൾ എത്തിക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി 19 ഊര് ആശ പ്രവർത്തകരെ ആണ് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു.

ഇവർക്ക് ആരോഗ്യ പ്രവർത്തകരുടെ മേൽ നോട്ടത്തിൽ നൽകിയ പരിശീലനം പൂർത്തിയായി. പദ്ധതിയുടെ ഭാഗമായി ‘ഊര് ‘ ആശ പ്രവർത്തകർക്ക് ഫസ്റ്റ് എയ്ഡ് മെഡിസിൻ കിറ്റും,വീൽചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും,അത്യാവശ്യ മരുന്നുകളും രേഖകളും സൂക്ഷിക്കുന്നതിനു വേണ്ടി ഷെൽഫ് അടക്കമുള്ള സംവിധാനങ്ങളും നൽകും. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നത്.

‘ഊര് ‘ ആശ പദ്ധതിയുടെ ഉദ്ഘാടനവും പരിശീലനം ലഭിച്ച ഊര് ആശ പ്രവർത്തകരുടെ സർട്ടിഫിക്കറ്റ് വിതരണവും ആഗസ്റ്റ് 4 ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 2.30 ന് കോതമംഗലം താലൂക്ക് ആശുപത്രിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ ആരോഗൃ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിക്കും.