മൂന്ന് ദിവസങ്ങളിലായി കോടഞ്ചേരി പുലിക്കയം ചാലിപ്പുഴ, തിരുവമ്പാടി പുല്ലൂരാംപാറ ഇരുവഞ്ഞിപ്പുഴ എന്നിവിടങ്ങളില്‍ നടന്ന ഏഴാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ആവേശകൊടിയിറക്കം. ഇലന്തുകടവില്‍ നടന്ന സമാപന സമ്മേളനം ജോര്‍ജ് എം തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാരത്തിന്റെ പുതിയ കേന്ദ്രമായി മാറികൊണ്ടിരിക്കുന്ന മലയോരത്തെ വിനോദ സഞ്ചാര കേന്ദ്രമായി മാത്രമല്ല എല്ലാവര്‍ക്കും എപ്പോഴും വരാന്‍ കഴിയുന്ന വിധത്തിലുള്ള വേദിയാക്കി മാറ്റികൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തുരങ്കപാതയടക്കം സങ്കല്‍പ്പിക്കാന്‍ കഴിയാത്ത തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നമ്മുടെ നാട്ടില്‍ വരാന്‍ പോകുന്നത്. ഫെസ്റ്റിവലില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുന്ന തദ്ദേശീയരായ കയാക് താരങ്ങളുടെ പരിശീലനത്തിനായി പുല്ലൂരാംപാറ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിക്ക് 4 കയാക്കുകള്‍ വാങ്ങി നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള 120-ലധികം താരങ്ങളാണ് വിവിധ ഇനങ്ങളിലായി മത്സരിച്ചത്. ഞായറാഴ്ച നടന്ന ഡൗണ്‍ റിവര്‍ സൂപ്പര്‍ ഫൈനലില്‍ റഷ്യക്കാരനായ ഇവാന്‍ കോസ്ലേചോവ് ജേതാവായി. അമിത് ഥാപ, ആശിഷ് രാത്തോഡ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

വിജയികള്‍ക്കുള്ള സമ്മാനങ്ങളും മെഡലുകളും ക്യാഷ് പ്രൈസുകളും ചടങ്ങില്‍ വിതരണം ചെയ്തു. പുല്ലൂരാംപാറ സ്വദേശിയായ കയാക് താരം നിധിന്‍ദാസിന് കയാക് വാങ്ങുന്നതിന് പ്രദീപ് മൂര്‍ത്തി സംഭാവന ചെയ്ത കയാകിന്റെ പാതി തുക ചടങ്ങില്‍ സമ്മാനിച്ചു. ഫെസ്റ്റിവലിന്റെ വിജയത്തിനായി സഹകരിച്ച കേരള കയാക്കിങ് ആന്റ് കനോയിങ് സെക്രട്ടറി എസ് ബീന, ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപനം, ഗ്രീന്‍ കെയര്‍ മിഷന്‍ കോഴിക്കോട്, കെഎല്‍-10 പാഡലേഴ്‌സ് മലപ്പുറം, കര്‍മ ഓമശേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ എധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ശീറാം സാംബശിവറാവു മുഖ്യാതിഥിയായി. കോടഞ്ചരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് ചാലില്‍, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി ജെ കുര്യാച്ചന്‍, ഷിജി വാവലുകുന്നേല്‍, വില്‍സന്‍ ടി മാത്യു, കെ പി ചാക്കോച്ചന്‍, കയാക്കിങ് ആന്റ് കനോയിങ് ദേശീയ ജനറല്‍ സെക്രട്ടറി പ്രശാന്ത് കുശ്‌വ, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ മനേഷ് ഭാസ്‌കര്‍, കേരള കയാക്കിങ് ആന്റ് കനോയിങ് സെക്രട്ടറി എസ് ബീന, പ്രദീപ് മൂര്‍ത്തി, മണിക് തനേജ, ജാക്കപ്പോ നെരൂദ, പോള്‍സണ്‍ അറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്‍ സ്വാഗതവും ഡിടിപിസി സെക്രട്ടറി സി പി ബീന നന്ദിയും പറഞ്ഞു.