ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് എറെ സഹായകരമാണ് വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. കാഞ്ചിയാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമങ്ങള്‍ സ്മാര്‍ട്ട് ആകുന്നതിന്റ് ഭാഗമായി ആണ് വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആകുന്നത്. 2014 മുതല്‍ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് മന്ദിരത്തിന്റ് മുകള്‍ നിലയിലെ ഒറ്റമുറിയിലാണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ച് വരുന്നത്. ലബക്കടയില്‍ സൗജന്യമായി ലഭിച്ച സ്ഥലത്താണ് വില്ലേജ് ഓഫീസ് നിര്‍മ്മിക്കുന്നത്.

ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ മുഖ്യപ്രഭാഷണം നടത്തി. ഭൂമി സംബന്ധമായി കെട്ടികിടക്കുന്ന എല്ലാ പ്രശ്‌നങ്ങളും  രണ്ട് മാസത്തിനുള്ളില്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഉടന്‍ തന്നെ തീര്‍പ്പാക്കുമെന്നും ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. ശശി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം അഡ്വ: സിറിയക്ക് തോമസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ആന്റണി, തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചിയാര്‍ രാജന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ വിനോദ് ,സാലി ജോളി, മാത്യൂ ജോര്‍ജ്, ജോയി ഈഴക്കുന്നേല്‍, ബാബു അഞ്ചാനിക്കല്‍, കെ. വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. 44 ലക്ഷം രൂപ മുടക്കി നിര്‍മ്മിക്കുന്ന ഓഫീസ് നാല് മാസം കൊണ്ട്  നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ ശശി അറിയിച്ചു.