മണ്ഡല-മകരവിളക്ക് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു

അയ്യപ്പഭക്തര്‍ക്ക് മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ദേവസ്വം ബോര്‍ഡിനെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും ഏകോപിപ്പിച്ച് മുന്നൊരുക്കങ്ങള്‍ വേഗത്തിലും കാര്യക്ഷമതയോടെയും പൂര്‍ത്തിയാക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2019-20വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ശബരിമല ബെയ്‌സ് ക്യാമ്പായ നിലയ്ക്കലില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. ഗ്രീന്‍പ്രോട്ടോകോള്‍ ശക്തമായി നടപ്പാക്കും. നിലയ്ക്കലില്‍ കൂടുതല്‍ കുടിവെള്ളം ലഭ്യമാക്കും. പമ്പയിലും നിലയ്ക്കലിലും വെള്ളം സംഭരിക്കുന്നതിനായി രണ്ട് ടാങ്കുകള്‍ അധികം സ്ഥാപിക്കും. ഇതിനാവശ്യമായ സ്ഥലം കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും സ്ഥലം ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

തീര്‍ഥാടകര്‍ക്കായി കൂടുതല്‍ സര്‍വ്വീസുകള്‍ കെ.എസ്.ആര്‍.ടി.സി നടത്തും. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി നിലയ്ക്കലില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കും. ഇലക്ട്രിക് ബസുകള്‍ക്കാവശ്യമായ ചാര്‍ജിംഗ് ഹബ്ബ് ഒരുക്കാന്‍ കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തി.

ശബരിമലയില്‍ ഉത്സവകാലത്ത് കര്‍ശന സുരക്ഷ ഉറപ്പാക്കും. ജോലിക്കെത്തുന്ന പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ ആവശ്യമായ സൗകര്യം നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് ഒരുക്കും. ഭക്തര്‍ക്ക് കുടിവെള്ളം എത്തിക്കുന്ന എല്ലാ വാട്ടര്‍ സോഴ്‌സുകളിലും സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുകയും ഡാമുകളില്‍ പൊലീസ് സുരക്ഷ ഒരുക്കുകയും ചെയ്യും. വനംവകുപ്പ്, റവന്യൂവകുപ്പ്, എക്‌സൈസ്,ഫയര്‍ഫോഴ്‌സ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗല്‍ മെട്രോളജി വിഭാഗം, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് വകുപ്പുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പു വരുത്തും.

ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആവശ്യമായ ചികിത്സസൗകര്യം ഏര്‍പ്പെടുത്തും. കൂടുതല്‍ ഡോക്ടര്‍മാരെയും മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫുകളെയും നിയോഗിക്കും. തീര്‍ഥാടനത്തിനിടയില്‍ മരണപ്പെടുന്ന ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തന്‍മാരുടെ മൃതദേഹങ്ങള്‍ അവരുടെ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ എംബാം ചെയ്യാനുള്ള സൗകര്യം പത്തനംതിട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

21 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള എരുമേലി-അഴുതക്കടവ് കാനന പാതയിലൂടെയുള്ള യാത്രയ്ക്ക് ചുരുങ്ങിയത് 6 മണിക്കൂര്‍ സമയമെടുക്കും. അതിനാല്‍ വൈകുന്നേരം 3 മണിക്ക് ശേഷം ഈ പാതയിലൂടെ ആരെയും കടത്തിവിടില്ല. ഇക്കാര്യം ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പത്ര പരസ്യം നല്‍കും.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ശബരിമല മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി 12 കോടി രൂപയോളം ചെലവാക്കി മരക്കൂട്ടത്ത് നിന്നും ശരംകുത്തിയിലേയ്ക്ക് പോകുന്ന വഴിയില്‍ നിര്‍മ്മിച്ചിട്ടുള്ള ക്യു കോംപ്ലക്സ് ഈ സീസണ് മുന്‍പായി ഉപയോഗപ്രദമാക്കുന്നതിന്  കര്‍ശനനടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഈ മാസം 22ന് ചേരുന്ന യോഗത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തും.

യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, അംഗങ്ങളായ കെ.പി.ശങ്കരദാസ്, അഡ്വ.എന്‍.വിജയകുമാര്‍, പിസി.ജോര്‍ജ്ജ് എംഎല്‍എ, ദേവസ്വം കമ്മീഷണര്‍ എം.ഹര്‍ഷന്‍, സോണല്‍ ഐജി. എം.ആര്‍.അജിത്ത്കുമാര്‍, പത്തനംതിട്ട ജില്ലാകളക്ടര്‍ പി.ബി.ന്യൂഹ്,കോട്ടയം ജില്ലാകളക്ടര്‍, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജയദേവ്, കോട്ടയം, ഇടുക്കി പോലീസ് സൂപ്രണ്ടുമാര്‍, പഞ്ചായത്ത് മുനിസിപ്പാലിറ്റി അദ്ധ്യക്ഷന്‍മാര്‍ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.