സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ജില്ലാതല ബോധവത്ക്കരണ ശില്പശാല ആര്‍ ഡി ഒ കോര്‍ട്ട് ഹാളില്‍ നടന്നു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പരിധിയില്‍ വരുന്ന പൊതുവിതരണ സമ്പ്രദായം, ഉച്ചഭക്ഷണ പദ്ധതി, സംയോജിത ശിശു വികസന സേവന പദ്ധതി തുടങ്ങിയവ കാര്യക്ഷമവും ഫലപ്രദവുമായി നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മോഹന്‍ കുമാര്‍ പറഞ്ഞു.

ഭക്ഷ്യ ഭദ്രത ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നുണ്ട്. പദ്ധതികളുടെ നിര്‍വഹണത്തില്‍ വീഴ്ച്ചകള്‍ കണ്ടെത്തിയാല്‍ ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കമ്മീഷന് അധികാരമുണ്ട്. ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി ഗുണഭോക്താക്കള്‍ക്ക് എത്തുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ താഴെതലത്തില്‍ നേരിട്ടെത്തി പരിശോധനകള്‍ നടത്തും. വയനാട്ടിലെ പട്ടികവര്‍ഗ കോളനികള്‍ സന്ദര്‍ശിച്ച് കമ്മീഷന്‍ വിവരശേഖരണം നടത്തിയിരുന്നു. ഇത് മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും. ഓഗസ്റ്റ് 31 നകം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശില്പശാലകള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍, വനിതാ ശിശുവികസന സമിതി അംഗങ്ങള്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍മാര്‍ എന്നിവര്‍ക്കായാണ് പരിപാടി നടത്തിയത്.

കമ്മീഷന്‍ അംഗങ്ങളായ കെ. ദിലീപ്കുമാര്‍, അഡ്വ. പി. വസന്തം, വിജയലക്ഷ്മി, എ.ഡി.എം പി.ആര്‍. ഗോപാലകൃഷ്ണന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍. അനില്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു.