മുവാറ്റുപുഴ: ആരോഗ്യ രംഗത്ത് അടിസ്ഥാനപരമായ മാറ്റം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചർ പറഞ്ഞു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. പ്രാഥമീകാരോഗ്യ കേന്ദ്രങ്ങളും, കുടുംബാരോഗ്യ കേന്ദ്രങ്ങളും താലൂക്കാശുപത്രികളും അവയുടെ ഘടനയനുസരിച്ച് നവീകരിക്കുന്ന പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ആരോഗ്യ മേഖലയിൽ മാത്രം പുതുതായി 5200 തസ്തികകളാണ് സർക്കാർ സൃഷ്ടിച്ചത്. കെട്ടിടങ്ങൾ വെറുതെ പണിയുന്നതിന് പകരം വ്യക്തമായ മാസ്റ്റർ പ്ലാനോട് കൂടിയ പദ്ധതികളാണ് ഓരോ ആസ്പത്രികൾ കേന്ദ്രീകരിച്ചും സർക്കാർ നടപ്പാക്കുന്നത്. എട്ട് ജില്ലാ ആസ്പത്രികൾ കേന്ദ്രീകരിച്ച് കാത്ത് ലാബുകൾ ആരംഭിച്ചു. എല്ലാ ജില്ലാ ആസ്പത്രികളിലും സ്ട്രോക്ക് യൂണീറ്റുകൾ ആരംഭിക്കും.
പകർച്ച വ്യാധികളും ജീവിത ശൈലി രോഗങ്ങളുമാണ് കേരളത്തിലെ ആരോഗ്യ സുരക്ഷക്ക് ഭീഷണിയായിട്ടുള്ളത്. ഇതിനെ തടയിടുന്നതിനുള്ള കർമ്മ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ: ആശാ വിജയൻ റിപ്പോർട്ടവതരിപ്പിച്ചു.
മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ, നഗരസഭാ വൈസ് ചെയർമാൻ പി.കെ.ബാബുരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ.സഹീർ, ഉമാമത്ത് സലീം, രാജിദിലീപ്, സി.എം.സീതി,  കൗൺസിലർമാരായ ഷൈലജ അശോകൻ, ഡി.എം.ഒ ഡോ.എം.കെ കുട്ടപ്പൻ, ഡോ: മാത്യൂസ് നമ്പേലിൽ, ആശുപത്രി വികസന സമിതിയംഗങ്ങളായ സജി ജോർജ്, കെ.എ. നവാസ്, അഡ്വ. എൻ.രമേശ്, സെബി തോമസ്, ടി.ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. നഗരസഭാ ചെയർപേഴ്സൺ ഉഷാ ശശിധരൻ സ്വാഗതവും ആർ.എം.ഒ ഡോ: ദീപകുമാർ നന്ദിയും പറഞ്ഞു.