* ദക്ഷിണമേഖലാ കൃഷി അസിസ്റ്റൻറുമാരുടെ ശിൽപശാല സംഘടിപ്പിച്ചു 

ഓരോ കൃഷിഭവനു കീഴിലുമുള്ള എല്ലാ കർഷകരെയും കിസാൻ ക്രെഡിറ്റ് കാർഡ് എടുപ്പിക്കാനും കൃഷിവിളകളെ ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരാനും ഉദ്യോഗസ്ഥർ മുൻകൈയെടുക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.

ദക്ഷിണമേഖലയിലെ ഏഴുജില്ലകളിലെ കൃഷി അസിസ്റ്റൻറുമാരുടെ സംസ്ഥാനതല ശിൽപശാല ‘അഗ്രിവിഷൻ 2020’ഉം പദ്ധതി അവലോകനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിഭവനുകൾ കർഷക സൗഹൃദ സേവന കേന്ദ്രങ്ങളാകണം. വകുപ്പിലെ പദ്ധതികൾ കൃഷിക്കാരെയും ജനപ്രതിനിധികളെയും അറിയിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാർഡുകളിൽ ‘കർഷകസഭ’കൾ നടത്തുന്നത്.

ഓരോ കൃഷി ഭവന്റെ കീഴിലുമുള്ള എത്രവീതം കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ഉണ്ടെന്ന് ഉദ്യോഗസ്ഥർ കണക്കെടുക്കണം. ഇല്ലാത്ത കർഷകരെ കാർഡ് എടുപ്പിക്കാൻ പ്രദേശത്തെ ബാങ്കുകളുമായി സഹകരിച്ച് നടപടികൈക്കൊള്ളണം. കിസാൻ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് 1.60 ലക്ഷം വരെ വായ്പ ഈടില്ലാതെ നൽകാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്.

ഈ പരിധി 3.20 ലക്ഷമായി ഉയർത്താൻ കേന്ദ്രത്തോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതല്ലാതെ കാർഷിക സ്വർണ പണയ വായ്പ നിർത്തലാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. യഥാർഥ കർഷകർക്ക് കൂടുതൽ സഹായം ലഭ്യമാക്കാനുള്ള നടപടികൾക്കാണ് സർക്കാർ ശ്രമിക്കുന്നത്. അതത് കൃഷി ഭവനുകീഴിലെ എല്ലാ കർഷകരുടെ കൃഷിയും വിള ഇൻഷുറൻസ് പരിധി കൊണ്ടുവരാനും ഉദ്യോഗസ്ഥർ മുൻകൈയെടുക്കണം.

26 വിളകൾക്ക് പരിരക്ഷ നൽകുന്ന രാജ്യത്തെ ഏറ്റവും ആകർഷകമായ ഇൻഷുറൻസാണ് കേരളത്തിലുള്ളത്. കിസാൻ ക്രെഡിറ്റ് കാർഡും വിള ഇൻഷുറൻസ് ഉണ്ടെങ്കിൽത്തന്നെ കർഷകരുടെ പരമാവധി പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാത്ത കൃഷിഭവനുകളിൽ ഉടൻ ഇത് പ്രസിദ്ധീകരിക്കാനുള്ള നടപടി സ്വീകരിക്കണം.

 

അപാകതകൾ പരിശോധിക്കാൻ അപേക്ഷ സ്വീകരിച്ച പലയിടത്തും ഇനിയും പരിഹാരമുണ്ടാക്കാനുണ്ട്. നേരിട്ട് പ്രാദേശികമായ അന്വേഷണങ്ങളിലൂടെയും പ്രാദേശിക സമിതികളിലൂടെയും വിലയിരുത്തി ഉറപ്പാക്കാനാവാത്തവയ്ക്ക് മാത്രം ഉപഗ്രഹചിത്രങ്ങളെ ആശ്രയിക്കാം. ഒരുമാസത്തിനകം ഇക്കാര്യത്തിൽ തീർപ്പാക്കണം. നീട്ടിവെക്കേണ്ട പരാതികളുണ്ടെങ്കിൽ അതിന് പ്രിൻസിപ്പൽ കൃഷി ഓഫീസർമാരുടെ അനുമതി വാങ്ങണം.

കൃഷി ഓഫീസുകൾക്ക് മുന്നിൽ പദ്ധതികളും ആനുകൂല്യങ്ങളും പ്രദർശിപ്പിക്കാൻ സൗകര്യമുണ്ടാകും. പ്രാദേശികമായി കേബിൾ ചാനലുകൾ വഴിയും മറ്റും പ്രദേശങ്ങളിലെ കൃഷിക്കാരിൽ പദ്ധതികളുടെ വിവരങ്ങൾ എത്തിക്കാവുന്നതേയുള്ളൂ. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിക്ക് വിത്തുനൽകൽ മാത്രമല്ല, വീട്ടമ്മമാർക്കും റസിഡൻസ് അസോസിയേഷനുകൾക്കും മറ്റും ആവശ്യമായ മാർഗനിർദേശങ്ങളും നൽകാൻ കൃഷി ഓഫീസുകളിലെ ജീവനക്കാർ തയാറാകണം.

കടാശ്വാസ കമ്മീഷൻ പരിധിയിൽ വരുന്ന കടങ്ങളും വിവരങ്ങൾ കൃഷിക്കാരെ അറിയിക്കണം. കർഷകരുടെ കടങ്ങൾ സംബന്ധിച്ച മൊറട്ടോറിയം അവസാനിച്ചെങ്കിലും ഡിസംബർ 31 വരെ ജപ്തി നടപടികളുമായി സർക്കാർ സഹകരിക്കില്ല. അടുത്ത വർഷത്തേക്കുള്ള കാർഷിക ഉത്പാദന പ്ലാൻ എല്ലാ കൃഷി ഭവനുകൾക്കും ഉണ്ടാകണം.

കൃഷിക്കാരന്റെ ആവശ്യങ്ങൾ മനസിലാക്കാനും അവരുടെ പരാതികൾ ക്ഷമയോടെ കേൾക്കാനും പറ്റാവുന്ന പരിഹരിക്കാനും കൃഷിഭവനുകളിലെ ജീവനക്കാർക്കാകണം. കഴിയാവുന്നിടത്തോളം അവരുടെ കൃഷിയിടങ്ങളിലെത്തുകയും മാർഗനിർദേശങ്ങളും സഹായങ്ങളും നൽകുകയും വേണം. ഗ്രാമചന്തകൾ എല്ലാ സജീവമാക്കാൻ മുൻകൈയെടുക്കണം.

കർഷകദിനാഘോഷം കൂടുതൽ ജനപങ്കാളിത്തതോടെ നടപ്പാക്കണം. വകുപ്പിൽ അഴിമതി ഉണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥരെ മന്ത്രി ഓർമിപ്പിച്ചു. ജില്ലാതലത്തിൽ കൃഷി അസിസ്റ്റൻുമാർ അവതരിപ്പിച്ച വിഷയങ്ങളും അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും മന്ത്രി കേട്ടു. ചടങ്ങിൽ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയും ഡയറക്ടറുമായ ഡോ. രത്തൻ യു. ഖേൽകർ, മുതിർന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.