ജില്ലയില്‍ കനത്ത മഴയില്‍ ഒരു മരണം. ഇരിട്ടി താലൂക്കില്‍ പഴശ്ശി വില്ലേജില്‍ കയനി കുഴിക്കലില്‍ കുഞ്ഞിംവീട്ടില്‍ കാവളാന്‍ പത്മനാഭന്‍(55 വയസ്സ്) ആണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. രാവിലെ 10.30 ഓടെ ആയിരുന്നു അപകടം. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് അയച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ മഴയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. കുറുമാത്തൂര്‍, ചെങ്ങളായി, ശ്രീകണ്ഠാപുരം, മയ്യില്‍, കൊളച്ചേരി, ആലക്കോട് തുടങ്ങിയ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ അടിയന്തരമായി ബോട്ടുകള്‍, തോണികള്‍ എന്നിവയുടെ സേവനം ലഭ്യമാക്കാന്‍ യോഗം തീരുമാനിച്ചു.
മാനന്തവാടി മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജില്ലയിലെ പുഴകളില്‍ വെള്ളം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തും.
പകര്‍ച്ചവ്യാധികള്‍ തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. പൊലീസ്, ഫയര്‍ഫോഴ്‌സ്, ഫിഷറീസ് വകുപ്പുകളുടെ സേവനങ്ങള്‍ ആവശ്യമായിടങ്ങളില്‍ ഏര്‍പ്പെടുത്താനും യോഗം നിര്‍ദ്ദേശം നല്‍കി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ രക്ഷാദൗത്യം പുരോഗമിക്കുകയാണ്.
ജില്ലയില്‍ വിവിധ താലൂക്കുകളിലായി 12 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇരിട്ടി താലൂക്കില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 101 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. തളിപ്പറമ്പ് താലൂക്കില്‍ നാല് ക്യാമ്പുകളിലായി 59 കുടുബങ്ങളും തലശ്ശേരി താലൂക്കില്‍ ഒരു ക്യാമ്പില്‍ 50 കുടുംബങ്ങളെയും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. 197 കുടുബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്.
തലശ്ശേരി താലൂക്കില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. പട്ടാന്നൂര്‍ വില്ലേജില്‍ കെ കെ ഭാരതി, തൃപ്പങ്ങോട്ടൂര്‍ വില്ലേജില്‍ വടക്കേക്കരാല്‍ ബാലന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
ഇരിട്ടി കണിച്ചാര്‍ വില്ലേജിലുണ്ടായ ചുഴലിക്കാറ്റില്‍ കണിച്ചാര്‍ ടൗണിലെ കടകളുടെ മേല്‍ക്കൂര തകരുകയും മരം വീണ് 15 ഓളം വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. 100 ഓളം കുടുംബങ്ങളുടെ കൃഷിക്കും നാശനഷ്ടമുണ്ടായി.  ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.