മൂന്നു വര്‍ഷത്തിനിടെ ചിലവഴിച്ചത് 106.82 കോടി രൂപ
കാസർഗോഡ്: നൂറ്റാണ്ടുകളായി സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരകളില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഇന്ന് വികസനത്തിന്റെ പടവുകളില്‍ മുന്നേറ്റപാതയിലാണ്. വിവിധ പ്രദേശങ്ങളിലായി അധിവസിക്കുന്ന ഈ വിഭാഗങ്ങളെ കൈപ്പിടിച്ചുയര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പട്ടിക വര്‍ഗ വികസന വകുപ്പിലൂടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ജില്ലയില്‍ ചിലവഴിച്ചത് 106,82,53,210 രൂപയാണ്.
പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സമഗ്രവികസനത്തിനായി വൈവിധ്യമാര്‍ന്ന പ്രത്യേക പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്ര സാമൂഹിക വികസന പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.
വിവിധ പദ്ധതികളിലായി 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 42.95 കോടി രൂപയും 2017-18ല്‍ 30.78 കോടിയും 2018-19ല്‍ 28.49 കോടിയും 2019-20ല്‍ ജൂലൈ വരെ 4.59 കോടി രൂപയുമാണ് ജില്ലയില്‍ പട്ടിക വര്‍ഗ വികസനത്തിനായി വകുപ്പു വഴി ചെലവഴിച്ചത്.
വ്യക്തി കേന്ദ്രീകൃതമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ സമഗ്രവികസനം യാഥാര്‍ത്ഥ്യമാക്കി പട്ടികവര്‍ഗ വിഭാഗത്തിനെ സാമൂഹികമായി ശാക്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ പി ടി അനന്തകൃഷ്ണന്‍ പറഞ്ഞു.
ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് ചുരുങ്ങിയ കാലയളവില്‍ പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വികസനത്തിന് ഇത്രയും തുക ചിലവഴിക്കുന്നത്. സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ വികസനത്തിനായി ആവിഷ്‌കരിച്ച വിവിധ പദ്ധതികള്‍ക്ക് വേണ്ടിയാണ് ഫണ്ടുകളനുവദിച്ചത്. പ്രീ-മെട്രിക് വിദ്യാഭ്യാസം മുതല്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസം വരെയുള്ള പഠന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി പതിനെട്ടോളം പഠന സഹായ പദ്ധതികളാണ് നിലവിലുള്ളത്.
സാമൂഹിക  സാമ്പത്തിക ഉന്നമനത്തിനായി പ്രാക്തന വര്‍ഗ പാക്കേജ്, ഭക്ഷ്യ സഹായ പരിപാടി, കൈത്താങ്ങ് പദ്ധതി, അംബേദ്കര്‍ വികസന പദ്ധതി, ആദിവാസി പുനരധിവാസ വികസന മിഷന്‍, ക്രിട്ടിക്കല്‍ ഗ്യാപ്പ് ഫില്ലിങ് സ്‌കീം എന്നിങ്ങനെ ഇരുപതോളം പ്രത്യേക വികസന പദ്ധതികളും നടപ്പാക്കുന്നുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നീ പ്രധാന മേഖലകളിലൂന്നിയാണ് പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ആരോഗ്യ മേഖലയിലുള്ള സേവനത്തിനായുള്ള എട്ട് പേരടക്കം 88 പ്രൊമോട്ടര്‍മാരെയാണ് ജില്ലയിലുടനീളം ട്രൈബല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ളത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ
സമഗ്ര ആരോഗ്യ പദ്ധതിയിലൂടെ സര്‍ക്കാര്‍ ആശുപത്രികളില്‍ സാമ്പത്തികാവസ്ഥ പരിഗണിക്കാതെ സൗജന്യ ചികിത്സയാണ് ഈ വിഭാഗങ്ങള്‍ക്ക് നല്‍കി വരുന്നത്. കാന്‍സര്‍, വൃക്കരോഗം, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ മാരക രോഗങ്ങള്‍ പിടിപെട്ടവര്‍ക്ക് രോഗത്തിന്റെ കാഠിന്യം അനുസരിച്ച് പട്ടിക വര്‍ഗ ദുരിതാശ്വാസ നിധിയില്‍ നിന്നും സാമ്പത്തികസഹായവും നല്‍കുന്നുണ്ട്.
കൂടാതെ സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തിന്റെ മൂന്നാം മാസം മുതല്‍ കുഞ്ഞ് ജനിച്ച് ഒരു വയസ്സു തികയുന്നത് വരെ പ്രതിമാസം 2000 രൂപയും അനുവദിക്കുന്നു. ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളെ ഉള്‍പ്പെടുത്തി വിവിധ പദ്ധതികളിലൂടെ സൗജന്യചികിത്സയും ലഭ്യമാക്കുന്നു.
കോളനികള്‍ക്ക് എട്ട് കോടി രൂപ
പട്ടിക വര്‍ഗ സങ്കേതങ്ങളുടെയും കോളനികളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേകമായ സമഗ്രപദ്ധതികളാണ് നടപ്പിലാക്കുന്നത്. അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയുടെ കീഴില്‍ ജില്ലയിലെ എട്ടു കോളനികള്‍ക്ക് ഒരു കോടി രൂപ വീതമാണ് അനുവദിച്ചത്. കോളനികളില്‍ ലിങ്ക് റോഡുകള്‍, നടപ്പാതകള്‍, കമ്മ്യൂണിറ്റി കേന്ദ്രങ്ങള്‍, അങ്കണവാടികള്‍ തുടങ്ങിയവ നിര്‍മ്മിക്കാനും കുടിവെള്ളം ലഭ്യമാക്കാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
കൂടാതെ പുതിയ വീടുകള്‍ നിര്‍മ്മിക്കാനും വീടുകളുടെ അറ്റകുറ്റപണികള്‍ നിര്‍വഹിക്കാനും തുകയനുവദിക്കുന്നുണ്ട്. പിലികുഡ്ലു, രാമനടുക്കം ചൂളങ്കല്ല്, കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ചീറ്റ, വെള്ളരിക്കയ, മേക്കോടം, വളഞ്ഞങ്ങാനം, മാവിനക്കട്ട കുണ്ടങ്കാരടുക്ക, വായിക്കാനം എന്നിവിടങ്ങളിലെ പട്ടിക വര്‍ഗ കോളനികളിലാണ് വികസന പദ്ധതികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗങ്ങള്‍
മാവിലന്‍, മലവേട്ടുവന്‍, കൊറഗ, മറാട്ടി, കുടിയ, മലയരയ എന്നിവയാണ് ജില്ലയിലുള്ള പ്രധാന പട്ടിക വര്‍ഗവിഭാഗങ്ങള്‍. ജില്ലയിലെ പടന്ന, വലിയ പറമ്പ, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഈ വിഭാഗങ്ങളിലെ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
ജില്ലാ പട്ടിക വര്‍ഗവികസന വകുപ്പിന്റെ സ്ഥിതിവിവരക്കണക്ക് പ്രകാരം ജില്ലയിലെ 1262 കോളനികളിലെ 21,283 കുടുംബങ്ങളിലായി 83,765 പേരാണ് നിലവിലുള്ളത്.  പനത്തടി, കോടോം-ബേളൂര്‍, എന്‍മകജെ, ദേലമ്പാടി തുടങ്ങിയ മലയോര മേഖലകളിലെ ഗ്രാമപഞ്ചായത്തുകളിലാണ് ഈ വിഭാഗങ്ങളെ കൂടുതലായും കണ്ടുവരുന്നത്.
പനത്തടിയില്‍ 63 കോളനികളില്‍ 2150 കുടുംബങ്ങളിലായി 9522 പേരുണ്ട്.കോടോം-ബേളൂരില്‍ 107 കോളനികളില്‍ 1940 കുടുംബങ്ങളിലായി 7236 പേരും, എന്‍മകജെയില്‍ 117 കോളനികളില്‍ 1809 കുടുംബങ്ങളിലായി 7220 പേരും, ദേലംപാടിയില്‍ 74 കോളനികളില്‍ 1336 കുടുംബങ്ങളിലായി 6128 പേരുമാണുള്ളത്.
ജനസംഖ്യയില്‍ ഏറ്റവും കൂടുതലുള്ളത് മറാട്ടി വിഭാഗമാണ്. 8154 കുടുംബങ്ങളിലായി 34,367 പേരാണ് മറാട്ടി വിഭാഗത്തിലുള്ളത്.7514 കുടുംബങ്ങളിലായി 27,702 മാവിലന്മാരും, 4772 കുടുംബങ്ങളിലായി 18,816 മലവേട്ടുവരും, 530 കുടുംബങ്ങളിലായി 1843 കൊറഗരും, 266 കുടുംബങ്ങളിലായി 856 കുടിയരും, 43 കുടുംബങ്ങളിലായി 158 മലയരയരുമാണ് ജില്ലയിലുള്ളത്.
ഇതു കൂടാതെ ജോലിയാവശ്യര്‍ത്ഥവും മറ്റുമായി ഇതര പ്രദേശങ്ങളില്‍ നിന്നുമെത്തിയ പട്ടിക വര്‍ഗ വിഭാഗങ്ങളും ജില്ലയിലുണ്ട്. ഒരു മലവേടന്‍ കുടുംബത്തിലെ അഞ്ചുപേരും, ഒരു ഉള്ളാടന്‍ കുടുംബത്തിലെ നാലുപേരും രണ്ട് കരിമ്പാടന്‍ കുടുംബത്തിലെ 14 പേരുമാണ് ഇങ്ങനെ ജില്ലയില്‍ താമസിച്ചു വരുന്നത്.  സംസ്ഥാനത്തെ അഞ്ച് പ്രാക്തന ഗോത്ര വിഭാഗത്തില്‍ ഉള്‍പ്പെട്ട ജില്ലിയിലെ ഏക ഗോത്രവര്‍ഗ സമൂഹമാണ് കൊറഗ വിഭാഗം. ചോലനായ്ക്കര്‍, കുറുംബ, കാട്ടുനായ്ക്കര്‍, കാടര്‍ എന്നിവയാണ് മറ്റു വിഭാഗങ്ങള്‍.