*വയനാട്ടിൽ ശനി രാവിലെ മുതൽ ക്യാമ്പുകൾ ഒരുക്കും

*സർക്കാർ ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരാകാൻ അഭ്യർത്ഥന

ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ തത്കാലം അവിടെ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രക്ഷാപ്രവർത്തകരും വോളണ്ടിയർമാരും നടത്തുന്ന അഭ്യത്ഥന എല്ലാവരും മാനിക്കണം. നിർഭാഗ്യകരമായ ഒട്ടേറെ അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്.

അപകടമേഖലകളിൽ നിന്ന് മാറാൻ ആവശ്യപ്പെടുമ്പോൾ കുറച്ചു പേർ മാറുകയും മറ്റു ചിലർ അവിടെ തുടരുകയും ചെയ്യും. അങ്ങനെ കഴിഞ്ഞവരുടെ ജീവൻ നഷ്ടമായ ആശങ്കാജനകമായ അവസ്ഥ നമുക്ക് മുന്നിലുണ്ട്. ഈ അവസരത്തിൽ വിവേകപൂർവം മാറിത്താമസിക്കണം.

കവളപ്പാറയിൽ 17 കുടുംബങ്ങൾ ക്യാമ്പിലേക്ക് മാറിയിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം വീടുകളിൽ നിന്ന് മാറാൻ ബുദ്ധിമുട്ടുണ്ടാവും. എന്നാൽ ജീവനാണ് പ്രധാനമെന്ന് മനസിലാക്കണം. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നത്.

ഈ സാഹചര്യത്തിൽ വയനാട് ജില്ലയിൽ മാറിത്താമസിക്കുന്നതിന് സുരക്ഷിതമായ ക്യാമ്പുകൾ ശനിയാഴ്ച രാവിലെ മുതൽ ഒരുക്കും. ഇവിടെ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉണ്ടാവും. പ്രായമായവർ, രോഗികൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, ഗർഭിണികൾ തുടങ്ങി പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് ആവശ്യമായതെല്ലാം ഉറപ്പുവരുത്തും.

പോലീസ് ഉൾപ്പെടെയുള്ള സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഒരുമിച്ച് നീങ്ങും. ജനപ്രതിനിധികൾ, തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ സംഘടനകൾ, ബഹുജനങ്ങൾ തുടങ്ങി എല്ലാവരുടേയും സഹകരണത്തോടെയാവും മാറ്റിപ്പാർപ്പിക്കൽ വിജയകരമായി നടപ്പാക്കുക.

വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ. കെ. ശശീന്ദ്രൻ, ടി. പി. രാമകൃഷ്ണൻ തുടങ്ങിയവർ ഈ പ്രശ്‌നം ജനപ്രതിനിധികളുമായി ചർച്ച ചെയ്തിട്ടുണ്ട്ണ ഇത്തരം ക്രമീകരണത്തോട് എല്ലാവർക്കും യോജിപ്പാണ്.

ഒറീസയിൽ പ്രളയം ഉണ്ടായപ്പോൾ ആളപായം കുറയ്ക്കാനായത് നല്ല രീതിയിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനായതിനാലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷയാണ് പ്രധാനമെന്ന അവബോധം സൃഷ്ടിക്കാനാവണം. ഇതിന് സമൂഹവും മാധ്യമങ്ങളും പ്രധാന പങ്ക് വഹിക്കണം.

വയനാട്ടിൽ ബാണാസുരസാഗർ ഡാം തുറക്കേണ്ട സാഹചര്യമാണ്. ഇവിടെ വളരെ വേഗം വെള്ളം ഉയരുന്നുണ്ട്. കർണാടകത്തിൽ നിന്ന് വലിയതോതിൽ വെള്ളം ഇവിടേക്ക് ഒഴുകിയെത്തുകയാണ്. ഉരുൾപൊട്ടൽ സാഹചര്യം വൈകിട്ട് നടന്ന യോഗത്തിൽ വിലയിരുത്തിയിട്ടുണ്ട്.

അടുത്ത ദിവസങ്ങൾ അവധി ദിനങ്ങളാണ്. ചില ജീവനക്കാർ അവധിയെടുത്തിട്ടുമുണ്ടാവും. ഇവർ സാഹചര്യത്തിന്റെ പ്രത്യേകത മനസിലാക്കി ഡ്യൂട്ടിക്കെത്തണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.
വയനാട്ടിൽ അതിശക്തമായ മഴയാണുള്ളത്. കഴിഞ്ഞ പ്രളയത്തിൽ വലിയ വെള്ളപ്പൊക്കമുണ്ടായിരുന്നു.

പലയിടത്തും അതിനേക്കാൾ വെള്ളം ഈ മഴയിൽ പൊങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പെയ്ത മഴയ്ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വലിയ തോതിൽ വെള്ളം എത്തിയിട്ടുണ്ട്. ആളിയാർ കോണ്ടൂർ കനാൽ അടിയന്തരമായി പ്രവർത്തനക്ഷമമാക്കാൻ തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പടിഞ്ഞാറൻ ദിശയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തീരദേശ ജാഗ്രത ശക്തിപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ താലൂക്ക് തലം വരെ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് കെ. എസ്. ഇ. ബിയുടെ ഏഴും ജലവിഭവ വകുപ്പിന്റെ ആറും ഡാമുകൾ തുറന്നിട്ടുണ്ട്.

28 മരണം; ഏഴു ജില്ലകളിൽ ശനിയാഴ്ച റെഡ് അലർട്ട്
വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണി വരെയുള്ള കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തെ കെടുതികളിൽ 28 പേർ മരണമടഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ഏഴു പേരെ കാണാതായി. 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അടിയന്തരദുരിതാശ്വാസമായി ജില്ലകൾക്ക് 22.50 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്നു ദിവസത്തേക്കു കൂടി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് മേപ്പാടിയിൽ പുത്തൂർ മലയിലെ ഉരുൾപൊട്ടലിൽ മരിച്ച ഒൻപത് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ സൈന്യം എത്തിയിട്ടുണ്ട്. വയനാട്ടിൽ 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മലപ്പുറം നിലമ്പൂർ പോത്തുകൽ ഭൂതാനംമുത്തപ്പൻ മലയിലുണ്ടായ ഉരുൾപൊട്ടലിൽ 40 പേർ മണ്ണിനടിയിൽ കുടുങ്ങിയെന്നാണ് ആശങ്ക. മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി.

രണ്ടു പേരെ രക്ഷപെടുത്തി. എൻ. ഡി. ആർ. എഫ്, പോലീസ്, ഫയർഫോഴ്‌സ് എന്നിവരുടെ സംഘം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കാലാവസ്ഥ ദുഷ്‌കരമായതിനാൽ വേണ്ടരീതിയിൽ രക്ഷാപ്രവർത്തനം മുന്നോട്ടു പോകുന്നില്ല. മണ്ണിടഞ്ഞ് വഴി തടസപ്പെട്ടിട്ടുണ്ട്. ഇവിടെയുള്ള പാലത്തിലൂടെ വലിയ യന്ത്രങ്ങൾ കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ട്.

സംസ്ഥാനത്ത് 738 ക്യാമ്പുകളിലായി 15748 കുടുംബങ്ങളിലെ 64013 പേർ കഴിയുന്നുണ്ട്. ദേശീയദുരന്ത നിവാരണ പ്രതികരണ സേനയുടെ 12 ടീമുകളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. മലപ്പുറത്ത് രണ്ടും വയനാട്ടിൽ മൂന്നും പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിൽ ഒന്നു വീതവും ടീമിനെ വിന്യസിച്ചിട്ടുണ്ട്.

ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ സായുധസേനയെ വിന്യസിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഡിഫൻസ് സർവീസ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇടുക്കിയിലും മലപ്പുറത്തും ആർമിയുടെ മദ്രാസ് റെജിമെന്റിനെയാണ് വിന്യസിച്ചിരിക്കുന്നത്. ഭോപ്പാലിൽ നിന്ന് ഡിഫൻസ് എൻജിനിയറിംഗ് സർവീസ് കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ട്രെയിൻ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മഴ, മണ്ണിടിച്ചിൽ, മരം വീഴ്ച കാരണമാണ് തടസമുണ്ടായിരിക്കുന്നത്. ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയിനുകൾ വഴിയിൽ കുടുങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ കുടുങ്ങിയവരെ സുരക്ഷിതരായ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.