ദുരിതാശ്വാസ ക്യാമ്പുകളിലും രക്ഷാ പ്രവര്‍ത്തകര്‍ക്കും ശുദ്ധമായ കുടിവെള്ളമാണ് ലഭിക്കുന്നത് എന്ന് ഉറപ്പാക്കാന്‍ ജല അതോറിട്ടി നടപടി തുടങ്ങിയിട്ടുണ്ട്. നിര്‍ദ്ദേശിച്ചതനുസരിച്ച് എല്ലാ ജില്ലകളിലെയും സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഓഫീസുകളിലാണ് ജല അതോറിട്ടിയുടെ 24X7 കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
എല്ലാ ജില്ലാ ഓഫീസുകളിലും ക്വാളിറ്റി പരിശോധിക്കുന്നതിനുള്ള കിറ്റുകള്‍ സ്‌റ്റോക്കുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലും, പ്രത്യേകിച്ച് വയനാടില്‍ അസിസ്റ്റന്റ് എന്‍ജിനീയമാര്‍ മുഖാന്തിരം ഈ കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ടാങ്കുകളില്‍ ശുദ്ധജലം ക്യാമ്പുകളില്‍ എത്തിക്കുന്നത് ഇന്നും തുടരും. ജല അതോറിട്ടിയുടെ കുടിവെള്ള വിതരണ പ്ലാന്റുകളില്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.
ഈ മഴ ഇതുവരെ ജല അതോറിട്ടിയുടെ 191 കുടിവെള്ള വിതരണ പദ്ധതികളെയാണ് പ്രതികൂലമായി ബാധിച്ചത്. മഴവെള്ളം കയറി പമ്പുകള്‍ തകരാറിലാവുന്നണ് ഇതില്‍ കൂടുതലും. 3,71,798 കണക്ഷനുകള്‍ കേടായി. 30,76,146 ജനങ്ങളെയാണ് ഇത് ബാധിക്കുന്നത്.