പത്തനംതിട്ട: മഴ ശക്തമായാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മുന്‍കരുതലെന്ന നിലയില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. വെള്ളപ്പൊക്ക സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് അടൂര്‍ ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന താലൂക്ക് തല യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ നാലു വള്ളങ്ങള്‍ കൊല്ലം ജില്ലയില്‍ നിന്നും  എത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചതായി എംഎല്‍എ പറഞ്ഞു. കൊല്ലത്തു നിന്നും എത്തുന്ന വള്ളങ്ങള്‍ അടൂര്‍ തഹസില്‍ദാരെ ഏല്‍പ്പിക്കും. തഹസില്‍ദാര്‍ ആവശ്യമുള്ള ഇടങ്ങളില്‍ വള്ളങ്ങള്‍ എത്തിക്കാനും യോഗത്തില്‍ തീരുമാനമായി.  കൂടാതെ വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് എല്ലാ സജ്ജീകരണങ്ങളും ജില്ലയില്‍ ഒരുക്കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

അച്ചന്‍കോവിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പന്തളം, തുമ്പമണ്‍ പ്രദേശങ്ങളില്‍ വെള്ളം കയറുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്തു. 34 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായെന്ന് എം എല്‍ എ പറഞ്ഞു. മുടിയൂര്‍കോണത്ത് ആരംഭിച്ച ക്യാമ്പില്‍  പത്തോളം കുടുംബങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്. കടയ്ക്കാട് തെക്ക് 15 വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെന്നും എംഎല്‍എ പറഞ്ഞു.

പഞ്ചായത്ത്, വില്ലേജ്, താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമേ നഗരസഭയിലും കണ്‍ട്രോള്‍ റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയതായി എംഎല്‍എ പറഞ്ഞു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും, ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. റോഡുകള്‍ക്ക് ഇരുവശവുമുള്ള ഓടകള്‍ വൃത്തിയാക്കുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗത്തിന് നിര്‍ദേശം നല്‍കി.

ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീക്ഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി അടൂര്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.

യോഗത്തില്‍ അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി ബോബി, പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ റ്റി കെ സതി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, അടൂര്‍ ആര്‍ഡിഒ പിടി എബ്രഹാം,  അടൂര്‍ തഹസില്‍ദാര്‍ ബീന ഹനീഫ്, അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ഥനന്‍, അടൂര്‍ ജോയിന്റ് ആര്‍ ടി ഒ സി ശ്യാം, താലൂക്ക് സപ്ലൈഓഫീസര്‍ എം അനില്‍, ഡിഎംഒ (ഹോമിയോ) ഡോ. ഡി ബിജുകുമാര്‍, ഡിഎംഒ (ആരോഗ്യം) ഡോ എ.എല്‍. ഷീജ,  സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.