മഴക്കെടുതി: ജില്ലയില്‍ മുന്‍കരുതല്‍ പൂര്‍ണം
മഴക്കെടുതിയുടെ ദുരിതം നേരിടുന്ന വടക്കന്‍ ജില്ലകളിലെ ജനങ്ങളെ സഹായിക്കാന്‍ കൊല്ലംജനത മുന്നിട്ടിറങ്ങണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.  അടിയന്തര സാഹചര്യം നേരിടുന്നതിന് ജില്ലാ ഭരണകൂടം നടത്തിയ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ നിന്ന് പരമാവധി ദുരിതാശ്വാസ വസ്തുക്കളുടെ സമാഹരണത്തിനായി ശേഖരണ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് താലൂക്ക് തലത്തില്‍ എം എല്‍ എ മാരുടെയും മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഇന്ന് (ആഗസ്റ്റ് 11) പ്രത്യേക യോഗങ്ങള്‍ ചേരും. ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും യോഗത്തിന്റെ നിര്‍വഹണ ചുമതല നല്‍കിയിട്ടുണ്ട്.
തിങ്കള്‍ മുതല്‍ തെക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെടുമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലയില്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ പൂര്‍ണമാണ്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനും സഹായം എത്തിക്കുന്നതിനും ജില്ലാ ഭരണകൂടം തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു. കലക്‌ട്രേറ്റിലും വിവിധ താലൂക്കുകളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫിഷറീസ് വകുപ്പ്, പൊലീസ് എന്നിവയുടെ കണ്‍ട്രോള്‍ റൂമുകളും പൂര്‍ണസമയമുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പത്തനംതിട്ട ജില്ലയിലേക്ക് ആവശ്യപ്പെട്ട 10 യാനങ്ങള്‍ നല്‍കിക്കഴിഞ്ഞു. കൂടുതല്‍ വളളങ്ങള്‍ സജ്ജരാക്കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന അറിയിപ്പ് നല്‍കി.
ജില്ലാ ഭരണകൂടത്തിന്റെ മുന്നൊരുക്കങ്ങള്‍ ജില്ലാ കലക് ടര്‍ ബി അബ്ദുല്‍ നാസര്‍ യോഗത്തില്‍ അവതരിപ്പിച്ചു. എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍,  കെ സോമപ്രസാദ്, എം എല്‍ എ മാരായ മുല്ലക്കര രത്‌നാകരന്‍, കോവൂര്‍ കുഞ്ഞുമോന്‍, എം മുകേഷ്, എം നൗഷാദ്, എന്‍ വിജയന്‍പിള്ള, ആര്‍ രാമചന്ദ്രന്‍, മേയര്‍ അഡ്വ വി രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, സിറ്റി പൊലീസ് കമ്മീഷ്ണര്‍ മെറിന്‍ ജോസഫ്, റൂറല്‍ എസ് പി ഹരിശങ്കര്‍, അസിസ്റ്റന്റ് കലക് ടര്‍ മാമോനി ഡോലെ, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.