ജില്ലയിലെ ഡാമുകള്‍ നിറഞ്ഞ് വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്ക ആര്‍ക്കും വേണ്ടെന്ന് വനം മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. മൂഴിയാര്‍ ഡാം, ശബരിഗിരി പവര്‍ സ്റ്റേഷന്‍ എന്നിവ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വനമേഖലകളില്‍ നല്ല മഴലഭിക്കുന്നുണ്ട്.

ഈ ജലമാണ് അച്ചന്‍കോവിലാറിലും, പമ്പയിലും ജലനിരപ്പുയരാന്‍ കാരണം. ജലനിരപ്പ് ഉയരുന്നതിന്റെ ഫലമായാണ് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളായ തിരുവല്ല, പന്തളം എന്നിവിടങ്ങളിലെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറിയത്. ജില്ലയില്‍ ഇതുവരെ 44 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടായിരത്തിലധികം പേരെ സുരക്ഷിതരായി പാര്‍പ്പിച്ചിട്ടുണ്ട്.

മഴയുടെ ശക്തി കുറയുകയും നദിയിലെ ജലനിരപ്പ് താഴാതെയും വന്ന സാഹചര്യം പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തില്‍ ചര്‍ച്ചയായിരുന്നു. ജലനിരപ്പ് ഉയരുവാന്‍ കാരണം ഡാം തുറന്നതാണെന്നും അല്ലെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഡാമുകളുടെ യഥാര്‍ഥ സ്ഥിതിയെന്തെന്ന് നേരിട്ട് കണ്ടു മനസിലാക്കുന്നതിനായാണ് മന്ത്രി മൂഴിയാര്‍ സന്ദര്‍ശിച്ചത്. മൂഴിയാര്‍ ഡാമില്‍ സംഭരണശേഷിയുടെ പകുതിപോലും വെള്ളമില്ല. മറ്റു ഡാമുകളിലും സ്ഥിതി വ്യത്യസ്ഥമല്ല.

പമ്പയില്‍ മാത്രമാണ് സംഭരണ ശേഷിയുടെ അന്‍പതു ശതമാനത്തിലധികം ജലമുള്ളത്. . ജില്ലയിലെ നദികളുടെ ജലനിരപ്പ് പൊതുവേ ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍, ശക്തമായ മഴ ഒരാഴ്ചയെങ്കിലും പെയ്താല്‍ മാത്രമേ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടാകുന്നുള്ളു എന്നും മന്ത്രി പറഞ്ഞു. മൂഴിയാര്‍ ഡാമിനു സമീപത്തെ ആദിവാസി ഊരിലെത്തിയ മന്ത്രി ആഹാരസാധനങ്ങളുടെ ലഭ്യതയും ആരോഗ്യ കാര്യങ്ങളും ചോദിച്ചു മനസിലാക്കി.

സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, ഡിഎഫ്ഒ എം ഉണ്ണികൃഷ്ണന്‍, മൂഴിയാര്‍ ഡാം സേഫ്റ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സക്കീര്‍ ഹുസൈന്‍, പവര്‍ഹൗസ് മെയ്ന്റനന്‍സ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് സരസകുമാര്‍, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ മുഹമ്മദ് റാഫി, വൈസ് പ്രസിഡന്റ് പി ആര്‍ പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

മൂഴിയാര്‍ ഡാം സന്ദര്‍ശിച്ച ശേഷം ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ജില്ലാ പോലീസ് മേധാവി ജി. ജയദേവ് എന്നിവരുമായി മന്ത്രി കെ. രാജു കളക്ടറേറ്റില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് അലക്‌സ് പി തോമസ്, ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ ആര്‍. ബീനാറാണി, ഡെപ്യുട്ടി കളക്ടര്‍മാരായ എസ്. ശിവപ്രസാദ്, ആശ ആര്‍ നായര്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.