അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് എല്ലാ വകുപ്പുകളും ജനങ്ങളും സജ്ജരാകണമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. വെള്ളപ്പൊക്ക സ്ഥിതി വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ നിശ്ചയിക്കുന്നതിനും ചേര്‍ന്ന റാന്നി താലൂക്ക്തല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.

സുരക്ഷിതസ്ഥാനത്തേക്ക് സാധനങ്ങളും ആവശ്യമായ രേഖകളും മാറ്റുന്നതിന് ജനങ്ങളും വ്യാപാരികളും സന്നദ്ധരാകണമെന്നും എംഎല്‍എ പറഞ്ഞു. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടായാല്‍  റാന്നി താലൂക്കില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ യോഗം ചര്‍ച്ച ചെയ്തു. പൊതുജനങ്ങള്‍, ഫയര്‍ഫോഴ്‌സ്, കുട്ടവഞ്ചി, പോലീസ്, വ്യോമസേന, തുടങ്ങിയവരുടെ പരിശ്രമം കൊണ്ടാണ് കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ റാന്നി താലൂക്ക് അതിജീവിച്ചത്. എന്നാല്‍, കോടി കണക്കിന് രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടു. ഇതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും എംഎല്‍എ പറഞ്ഞു.

നിലവില്‍ അണക്കെട്ടുകളില്‍ ആവശ്യത്തിനു സംഭരണ ശേഷി ഉണ്ട്. എന്നാല്‍, മഴ ശക്തി പ്രാപിച്ചാല്‍ ഇവ തുറന്നു വിടേണ്ട സാഹചര്യം ഉണ്ടാകും. ഏതു സാഹചര്യം വന്നാലും നേരിടാനുള്ള മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
അരയാഞ്ഞിലിമണ്ണിലും കുരുമ്പന്‍മൂഴിയിലുമായി നാലു ദിവസങ്ങളായി ഒറ്റപ്പെട്ടു കിടന്നിരുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണം, വെള്ളം തുടങ്ങിയവ  രാജു ഏബ്രഹാം എം എല്‍ എയുടെയും ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെയും നേതൃത്വത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സഹായത്തോടെ എത്തിച്ചു നല്‍കി. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും യോഗം വിലയിരുത്തി.

കേന്ദ്ര ദുരന്തനിവാരണ സേനയുടെ 25 അംഗങ്ങളുടെ യൂണിറ്റ് റാന്നി താലൂക്കില്‍ പൂര്‍ണ സജ്ജമാണ്. ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കുന്നതിന് യോഗം നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധികള്‍  പടര്‍ന്നു പിടിക്കാതിരിക്കാന്‍ ആവശ്യമായ മരുന്നുകള്‍ ആശുപത്രികളില്‍ ലഭ്യമാണ്. വെള്ളത്തില്‍ ഇറങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍ പ്രതിരോധ മരുന്നുകള്‍ നിര്‍ബന്ധമായും കഴിക്കണം. ഫോണ്‍ മുഖേനയും അല്ലാതെയും വ്യാജ സന്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
തിരുവല്ല സബ്കളക്ടര്‍ ഡോ വിനയ് ഗോയല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മധു, തഹസില്‍ദാര്‍ സാജന്‍ വി കുര്യാക്കോസ്, രാജു മരുതിക്കല്‍, പഞ്ചായത്ത് പ്രസിഡന്റ്മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു