എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിൽ ഡോക്സി സെന്റർ ആരംഭിച്ചു. പ്രളയകാല പകർച്ചവ്യാധികളിൽ എറെ അപകടകാരിയായ എലിപ്പനി തടയാനാവശ്യമായ ഡോക്സിസൈക്ലിൻ മരുന്നുകൾ ഇവിടെ ലഭിക്കും. രക്ഷാപ്രവർത്തകർ, വളണ്ടിയർമാർ അടക്കം മലിനജലവുമായി സമ്പർക്കമുണ്ടാകുന്ന എല്ലാവരും മുൻകരുതലായി പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.

ആഴ്ചയിലൊരിക്കൽ പരമാവധി ആറ് ആഴ്ചവരെയാണ് മരുന്ന് കഴിക്കേണ്ടത്. പ്രളയത്തിനു പിന്നാലെ എലിപ്പനി പടരാനിടയുള്ള സാഹചര്യത്തിൽ ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
എലിപ്പനി പ്രതിരോധത്തിനായി ഡോക്സി സൈക്ലിൻ ഗുളിക കഴിക്കുന്നവർ വെറും വയറ്റിൽ ഗുളിക കഴിക്കാതെ ഭക്ഷണശേഷം മാത്രം കഴിയ്ക്കണം.

ഗുളിക കഴിച്ച് കഴിഞ്ഞ് ചുരുങ്ങിയത് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ചിലർക്ക് ഉണ്ടായേക്കാവുന്ന വയർ എരിച്ചിൽ ഒഴിവാക്കാനാണിത്. ആരോഗ്യ പ്രവർത്തകർ നൽകുന്ന മുൻകരുതലുകൾ സ്വീകരിച്ചുവേണം രക്ഷാപ്രവർത്തനങ്ങൾ നടത്താൻ.

പ്രതിരോധ മരുന്ന് കഴിക്കാൻ ആവശ്യപ്പെടുന്ന അവസരത്തിൽ നിർദേശിക്കുന്ന അളവിലും രീതിയിലും കഴിക്കണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യ വകുപ്പ് ഓർമിപ്പിക്കുന്നു. കളക്ടറേറ്റിലെ ഡോക്സി സെന്ററിനു പുറമേ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, അംഗൻവാടികൾ എന്നിവിടങ്ങളിലും എലിപ്പനി പ്രതിരോധ മരുന്നുകൾ ലഭിക്കും.

എലിയുടെയും മറ്റു മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന പ്രത്യേക ബാക്ടീരിയ മനുഷ്യനിൽ പ്രവേശിച്ചുണ്ടാക്കുന്ന രോഗമാണ് എലിപ്പനി. രോഗാണു അകത്തു കടന്നാൽ ഏകദേശം 5 മുതൽ 15 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങളുണ്ടാകും.

കടുത്ത പനി, തലവേദന, മസിലുകളുടെ വേദന, വിറയൽ, കടുത്ത ക്ഷീണം എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. ഹൃദയത്തെ ബാധിച്ചാൽ നെഞ്ച് വേദന, ശ്വാസം മുട്ടൽ, വൃക്കകളെ ബാധിച്ചാൽ മൂത്രത്തിന്റെ അളവ് കുറയുക, രക്തത്തിന്റെ നിറം വരിക, കാലിലും മുഖത്തും നീരുണ്ടാകുക, കരളിനെ ബാധിക്കുന്നവർക്ക് മഞ്ഞപിത്തം പോലെയുള്ള ലക്ഷണങ്ങളും കാണാം. സമയത്ത് കണ്ടെത്തുകയും ചികിത്സ നൽകുകയും ചെയ്തില്ലെങ്കിൽ ഹൃദയം, കരൾ, വൃക്കകൾ തുടങ്ങിയ അവയവങ്ങളെ സാരമായി ബാധിക്കാം. മരണം വരെ സംഭവിക്കാം.