വടക്കന്‍കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുന്നതിന് പത്തനംതിട്ട ജില്ലാ ഭരണകൂടവുമായി കൈകോര്‍ക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അഭ്യര്‍ഥിച്ചു. കേരളം ഒട്ടാകെ ഇന്ന് മഴക്കെടുതികളിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്.

എങ്കിലും വടക്കന്‍ കേരളത്തിലെ സ്ഥിതിഗതികള്‍ നമ്മളെ വച്ചു നോക്കുമ്പോള്‍ വളരെ മോശമാണ്. ദിവസം കഴിയും തോറും അവിടെ ക്യാമ്പുകളിലുള്ളവരുടെ എണ്ണം കൂടി വരികയാണ്. ക്യാമ്പുകളിലാകട്ടെ അവശ്യ സാധനങ്ങളുടെ കുറവുകള്‍ വളരെ അധികം ഉണ്ട്. കോഴിക്കോടും മലപ്പുറവും ഏകദേശം 50,000 ത്തോളം വീതം ആളുകള്‍ ക്യാമ്പുകളിലാണ്.

വയനാട് ഏകദേശം 35000 ആളുകളും. അവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ പ്രവചനമനുസരിച്ച് അടുത്ത ഒരാഴ്ച്ച കൂടി അവിടെ റെഡും, ഓറഞ്ചും, യെല്ലോ അലര്‍ട്ടുമൊക്കെയാണ്.
കഴിഞ്ഞ വര്‍ഷം നമ്മള്‍ പ്രളയത്തില്‍ അകപ്പെട്ടപ്പോള്‍ കൈ മെയ് മറന്ന് ഓടി വന്ന് സഹായിച്ചവരാണ്.

ആദ്യദിവസങ്ങള്‍ മുതല്‍ നമുക്കാവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചു തന്ന് വീട്ടിലേക്ക് തിരിച്ചു പോകുന്നതു വരെ നമ്മുടെ കൂടെ നിന്നവരാണ്. ഏകദേശം 1,33,000 ആളുകള്‍ കഴിഞ്ഞ വര്‍ഷം നമ്മുടെ ജില്ലയില്‍ ക്യാമ്പുകളില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ഒരു കുറവും വരാതെ നോക്കിയവരാണ്. ഇന്ന് അവര്‍ നമ്മളെക്കാള്‍ ദുരിതത്തിലാണ്.

അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ ജില്ലയും ഒരു കെടുതിയിലൂടെ തന്നെയാണ് കടന്നു പോകുന്നത്. എങ്കിലും നമ്മളാല്‍ കഴിയുന്ന വിധം അവരെ സഹായിക്കണം. നമുക്ക് അതിനു കഴിയുമെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ നമുക്കേ അതിനു കഴിയൂ. നിങ്ങളാല്‍ കഴിയുന്ന വിധം അതെത്ര ചെറുതായാലും അവശ്യസാധനങ്ങള്‍ കളക്ഷന്‍ സെന്ററില്‍ എത്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതു നമ്മള്‍ തിരിച്ചു നല്‍കേണ്ട സമയമാണെന്നും കളക്ടര്‍ പറഞ്ഞു.

പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നതിന് പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും തിരുവല്ല ഡയറ്റ് ഹാളിലും ജില്ലാ ഭരണകൂടം കളക്ഷന്‍ സെന്ററുകള്‍ തുറന്നു. പ്രമാടം ഫോണ്‍: 9447223761, 9446378779, 9946496793. തിരുവല്ല ഫോണ്‍: 9446388805, 9562068790.
ഉണങ്ങിയ ഭക്ഷ്യവസ്തുക്കള്‍, അരി, പയറുവര്‍ഗങ്ങള്‍, പഞ്ചസാര, ഉപ്പ്, വെളിച്ചെണ്ണ, ചായപ്പൊടി, ടൂത്ത്ബ്രഷ്, ടൂത്ത്‌പേസ്റ്റ്, പായ, പുതപ്പ്, തോര്‍ത്ത്, ശുചീകരണത്തിനുള്ള വസ്തുക്കള്‍, ബേബിഫുഡ്, കുടിവെള്ളം, കുട്ടികളുടെ ഉടുപ്പുകള്‍, ലുങ്കി, ഷര്‍ട്ട്, നൈറ്റി, അടിവസ്ത്രങ്ങള്‍, കമ്പിളി, ബെഡ് ഷീറ്റ്, സാനിറ്ററി നാപ്കിന്‍, ബേബി ഡയപ്പേഴ്‌സ്, സോപ്പ്, സോപ്പ് പൊടി, ഡെറ്റോള്‍, ഫിനോയില്‍, ബ്ലീച്ചിംഗ് പൗഡര്‍, ചെരുപ്പുകള്‍, മെഴുകുതിരി, കൊതുകുവല, കൊതുകുതിരി എന്നീ സാധനങ്ങളാണ് ആവശ്യമുള്ളത്.