പത്തനംതിട്ട: വീണ്ടും വെള്ളപ്പൊക്കം വരുന്നു എന്നറിഞ്ഞപ്പോള്‍ സഹോദരങ്ങളെ രക്ഷിക്കാന്‍ തങ്ങളും എത്തിയേ മതിയാകൂ എന്ന ബോധ്യത്തിലാണ് ഡോണും, ജോസഫും ഉള്‍പ്പെടെ 16 പേരടങ്ങുന്ന സംഘം പത്തനംതിട്ട ജില്ലയിലേക്ക് ബോട്ടടുപ്പിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലാ ഭരണകൂടം കൊല്ലം നീണ്ടകരയില്‍ നിന്നെത്തിച്ച 18 പേരടങ്ങുന്ന സംഘം പന്തളം ശ്രീ മന്നത്ത് പാര്‍വതിയമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂളിലാണ് ക്യാമ്പ് ചെയ്യുന്നത്.

ജില്ലാ കളക്ടര്‍ പി.ബി നൂഹ് കൊല്ലം കളക്ടറുമായി ബന്ധപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനത്തിനായി കടലിന്റെ മക്കളെ ജില്ലയില്‍ എത്തിച്ചത്. കഴിഞ്ഞ പ്രളയകാലത്തും നാടിന് താങ്ങായ് നിന്ന ഇവര്‍ക്ക് പത്തനംതിട്ടയേയും നാട്ടുകാരേയും കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്.

പത്തനംതിട്ട ജില്ലയുടെ സ്‌നേഹം ഇത്രയധികം ലഭിച്ച മറ്റൊരു കൂട്ടരും ഇല്ലല്ലോ. 2018 ഓഗസ്റ്റ് 16 മുതല്‍ 21 വരെ പാണ്ടനാട്, കടപ്ര, തെക്കേമല, ആറന്മുള എന്നിവിടങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകളെയാണ് ഡോണും സംഘവും രക്ഷപ്പെടുത്തിയത്. കഴിഞ്ഞ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ എല്ലാവരും തന്നെ ഇത്തവണയും ജില്ലയില്‍ എത്തിയിട്ടുണ്ട്.

കഴിഞ്ഞ പ്രളയകാലത്തും ജീവന്‍ പണയം വച്ച് മറ്റു ജീവനുകള്‍ രക്ഷിച്ചവരാണ് ഇവരെല്ലാം. എന്നാല്‍ ഇവര്‍ക്ക് ഇപ്പോഴുമറിയില്ല അവരുടെ ദാനം കൊണ്ട് ജീവന്‍ കിട്ടിയ ഒരു പാട് ആള്‍ക്കാര്‍ കൗതുകത്തോടെ ഇവരെ ഒന്നു കൂടെ കാണാന്‍ ക്യാമ്പിലെത്തി തിരിച്ചു പോയെന്ന്.

സൈന്യവും പൊലീസും ഫയര്‍ഫോഴ്സും ദുരന്തനിവാരണസേനയുമൊക്കെ കൈമെയ് മറന്ന് ഇറങ്ങിയതിനൊപ്പം യാതൊരു സുരക്ഷാ സംവിധാനങ്ങളുടെയും സഹായമില്ലാതെയാണ് ആരും എത്താത്ത ഇടങ്ങളില്‍ കുടുങ്ങിക്കിടന്ന ആയിരക്കണക്കിനാളുകളെ കടലിന്റെ മക്കള്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

രണ്ടുമാസത്തോളം നീണ്ട ട്രോളിംഗ് നിരോധനകാലത്തെ വറുതികള്‍ അവസാനിക്കുന്നതിന് മുമ്പാണ് 2018ല്‍ കേരളത്തെ പ്രളയം വിഴുങ്ങുന്നത്. ട്രോളിംഗ് കാലത്ത് കടലോരമേഖല കടുത്ത ദുരിതത്തിലും പട്ടിണിയിലുമായിരിക്കും. ട്രോളിംഗ് നിരോധനകാലത്ത് ബോട്ടുകളെല്ലാം കരയ്ക്കുകയറ്റി അറ്റകുറ്റപ്പണി നടത്തും.

പട്ടിണിക്കൊപ്പം ഉണ്ടായ വലിയ സാമ്പത്തിക ബാധ്യതയും മറികടക്കാന്‍ ബോട്ടുകളും വള്ളങ്ങളും കടലിലിറങ്ങാന്‍ തുടങ്ങുന്ന സമയത്താണ് പ്രളയദുരന്തമെത്തിയത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് കൊല്ലം ജില്ലാ കളക്ടറുടെ ഇടപെടലിലൂടെയാണ് കഴിഞ്ഞ തവണയും കടലിന്റെ മക്കള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പത്തനംതിട്ടയിലെത്തിയത്. ഇന്നും ഇതോര്‍ക്കുമ്പോള്‍ അഭിമാനം കൊള്ളുകയാണ് ഡോണും സെബാസ്റ്റ്യനും കടലമ്മയുടെ മറ്റു കരുത്തന്മാരും.