ആരോഗ്യവിദഗ്ധരടങ്ങുന്ന സ്‌പെഷ്യൽ മെഡിക്കൽ ടാസ്‌ക് ഫോഴ്‌സ് ഇന്നലെ ജില്ലയിലെത്തി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ പ്രത്യേക നിർദേശപ്രകാരമാണ് സംഘം വയനാട്ടിലെത്തിയത്. ദുർഘടമായ പ്രദേശങ്ങളിലടക്കം ആരോഗ്യസേവനം ഉറപ്പാക്കുകയാണ് ടാസ്‌ക് ഫോഴ്‌സിന്റെ ലക്ഷ്യം.

12 പേരടങ്ങുന്ന സംഘത്തിൽ വിവിധ മേഖലകളിലുള്ള ആറു വിദഗ്ധ ഡോക്ടർമാരുമുണ്ട്. കൂടാതെ ദുർഘടമായ സ്ഥലങ്ങളിലെത്താൻ പരിശീലനം ലഭിച്ച എലിഫന്റ് സ്‌ക്വാഡിന്റെ സംഘവുമുണ്ട്. എത്തിച്ചേരാൻ പ്രയാസമുള്ള ക്യാമ്പുകളിലും ഒറ്റപ്പെട്ടു കിടക്കുന്ന വീടുകളിൽ ആരോഗ്യസേവനം ഉറപ്പാക്കും.

ആവശ്യമെങ്കിൽ രോഗികളെ ആശുപത്രികളിലെത്തിക്കാനുള്ള ആബുലൻസ് സംവിധാനവും സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് തൃശ്ശൂർ ജില്ലയിൽ മെഡിക്കൽ സേവനം എത്തിക്കുന്നതിനായി ഈ സംഘം സജീവമായിരുന്നു.സംസ്ഥാന സാമൂഹ്യ സുരക്ഷ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തിങ്കളാഴ്ച ഉരുൾപൊട്ടിയ പുത്തുമല പ്രദേശം മെഡിക്കൽ ടാസ്‌ക് ഫോഴ്‌സ് സംഘം സന്ദർശിക്കും.