പത്തനംതിട്ട: മഴക്കെടുതിയുമായി ബന്ധപ്പെട്ട് വെള്ളക്കെട്ടിലായ അപ്പര്‍കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വനംവകുപ്പ് മന്ത്രി അഡ്വ.കെ.രാജു സന്ദര്‍ശിച്ചു. തിരുവല്ല നിരണം കിഴക്കുംഭാഗം കോട്ടയില്‍ എം.ഡി.എല്‍.പി സ്‌കൂള്‍,  ഇരതോട് സെന്റ് ജോര്‍ജ് യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും ദുരിത ബാധിതപ്രദേശങ്ങളുമാണ് മന്ത്രി സന്ദര്‍ശിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ പമ്പയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഈ പ്രദേശങ്ങളിലെ നിരവധി വീടുകളില്‍  വെള്ളം കയറിയതിനെ തുടര്‍ന്നാണ് പ്രദേശത്തുള്ളവര്‍ ക്യാമ്പുകളില്‍ കഴിയുന്നത്. മന്ത്രി സന്ദര്‍ശിച്ച  കിഴക്കുംഭാഗം കോട്ടയില്‍ എം.ഡി.എല്‍.പി സ്‌കൂളിലെ ക്യാമ്പില്‍ 24 കുടുംബങ്ങളിലായി 66 പേരും ഇരതോട് സെന്റ് ജോര്‍ജ് യു.പി സ്‌കൂളിലെ ക്യാമ്പില്‍ 20 കുടുംബങ്ങളിലെ 65 പേരുമാണു കഴിയുന്നത്.

ക്യാമ്പില്‍ ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ചും മറ്റു സൗകര്യങ്ങളെക്കുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു. ഭക്ഷണത്തിനായുള്ള അരിയും പലവ്യഞ്ജനങ്ങളും കിട്ടുന്നുണ്ടെന്നും മന്ത്രി ഉറപ്പുവരുത്തി. നിലവില്‍ ജില്ലയില്‍ ശക്തമായ മഴയില്ല. ഡാമുകള്‍ തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രി ക്യാമ്പ് നിവാസികളോട് പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി സഞ്ചരിച്ച റോഡില്‍ പലയിടത്തും വെള്ളക്കെട്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മുണ്ട് മടക്കിക്കുത്തി മറ്റുള്ളവര്‍ക്കൊപ്പം മന്ത്രിയും വെള്ളത്തിലൂടെ നടന്നുവരുകയായിരുന്നു. വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ കന്നുകാലികളെ ഉയര്‍ന്ന പ്രദേശങ്ങളിലെ റോഡുകളിലാണ് കെട്ടിയിട്ടിരിക്കുന്നത്. മൂന്നു ദിവസമായി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നതിനാല്‍ കന്നുകാലികള്‍ക്ക് ആവശ്യത്തിന് തീറ്റ നല്‍കാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നില്ലെന്ന് സ്ഥലം എംഎല്‍എയായ മാത്യു ടി തോമസ് മന്ത്രിയെ അറിയിച്ചു.

ക്ഷീരവികസന വകുപ്പ് ഡയറക്ടറെ ഫോണില്‍ വിളിച്ച് അടിയന്തരമായി കേരള ഫീഡ്സ് കാലിത്തീറ്റകള്‍ ഇവിടങ്ങളില്‍ എത്തിക്കാന്‍  മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിക്കൊപ്പം മാത്യു ടി തോമസ് എംഎല്‍എ, സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചാത്തങ്കേരി, നിരണം പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി തിരുവല്ല റസ്റ്റ്ഹൗസില്‍ മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ തിരുവല്ല താലൂക്കിലെ സ്ഥിതിഗതികളും മന്ത്രി വിലയിരുത്തി. മാത്യു ടി തോമസ് എംഎല്‍എ, തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, തഹസില്‍ദാര്‍ കെ.ശ്രീകുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, പൊതുമരാമത്ത്വകുപ്പ്, കൃഷി വകുപ്പ്  ഉദ്യോഗസ്ഥരുമായും മന്ത്രി ചര്‍ച്ച നടത്തി.

രാവിലെ കുറ്റൂര്‍ ജംഗ്ഷനു സമീപത്തെ കലുങ്കിന് താഴെക്കൂടിയുള്ള വെള്ളത്തിന്റെ ഒഴുക്കും മന്ത്രി നേരിട്ടെത്തി വിലയിരുത്തി. കലുങ്കിനു താഴെയുള്ള കനാലിന് വീതി കൂട്ടി നീരൊഴുക്ക് സുഗമമാക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും ഇതിനായി പൊതുമരാമത്ത്, ഇറിഗേഷന്‍, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളുടെയും കെ.എസ്.ടി.പി അധികൃതരുടെയും സംയുക്ത  യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.