കാസർഗോഡ്: പേമാരി തകര്‍ത്തെറിഞ്ഞ സഹജീവികള്‍ക്കുവേണ്ടിയായിരുന്നു മറിയുമ്മയുടെ  ഈ വര്‍ഷത്തെ പെരുന്നാളാഘോഷം. നാട്ടുകാരും പ്രിയപ്പെട്ടവരും ദുരിതം അനുഭവിക്കുമ്പോള്‍ തന്നാലാകുന്ന വിധം സഹായമേവുകയാണ് മറിയുമ്മ.
ബലിപെരുന്നാളിന് മക്കളും മരുമക്കളും നാട്ടുകാരും നല്കിയ വസ്ത്രങ്ങളും സാധനങ്ങളും ചുമടാക്കി  നടക്കാവിലെ 77 കാരി കെ.കെ.മറിയുമ്മ പടന്നക്കാട് കാര്‍ഷിക കോളേജിലെ പ്രളയദുരിതാശ്വാസ കളക്ഷന്‍ സെന്ററിലെത്തി എത്തി കൈമാറി.
20 കിലോ അരി, വെളിച്ചെണ്ണ, ചായ പൊടി ,വസ്ത്രങ്ങള്‍ എന്നിവയാണ് മറിയുമ്മ കളക്ഷന്‍ സെന്റരില്‍ എത്തിച്ചത്. മകന്‍ അമീറിനോടൊപ്പം തൃക്കരിപൂര്‍ നടക്കാവില്‍ സര്‍ക്കാര്‍ നല്‍കിയ നാല് സെന്റ് ഭൂമിയില്‍ പണിത ചെറിയ വീട്ടിലാണ് മറിയുമ്മയുടെ താമസം. ഭര്‍ത്താവ്  അബ്ദുള്‍ ഖാദര്‍ മരിച്ചിട്ട് 50 വര്‍ഷമായി. ആറു മക്കളുണ്ടായിരുന്നു. 3 മക്കള്‍ മാത്രമേ ജീവിച്ചിരിപ്പൂള്ളൂ . മകള്‍ കല്യാണം കഴിച്ച് ഭര്‍ത്താവിനൊപ്പം താമസിക്കുന്നു.
ഹൃദ്‌രോഗിയായ മകനോടൊപ്പമാണ് മറിയുമ്മയുടെ താമസം. കടല വിറ്റ് ജീവിച്ചിരുന്ന  മകന് രോഗം  കാരണം ഒരു മാസത്തോളമായി ജോലിക്ക് പോകാന്‍ പറ്റുന്നില്ല.  ഇവര്‍ക്ക് പള്ളിക്കാരും  കുടുംബക്കാരും  സ്‌നേഹമുളളവരും  ദാനമായി നല്‍കുന്ന പണവും സാധനങ്ങളുമാണ് ജീവിക്കാനുള്ള ആശ്രയം. പ്രളയബാധിതരുടെ  ദുരിതക്കാഴ്ചകള്‍ മറിയുമ്മയെ സങ്കടപ്പെടുത്തിയത്  കുറച്ചൊന്നുമല്ലായിരുന്നു.
അതിനാല്‍ ആണ് ഈ വര്‍ഷത്തെ പെരുന്നാളിന് ലഭിച്ച സാധനങ്ങള്‍ ദുരിതബാധിതര്‍ക്ക് നല്‍കാന്‍ കൈമാറിയത്. എനിക്കുള്ളത് ദൈവം തരും എന്നാണ് മറിയുമ്മ പറയുന്നത്.  മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് മനുഷ്യനുണ്ടായിരിക്കണമെന്നാണ് മറിയുമ്മയ്ക്ക് സമൂഹത്തിനോട് പറയുന്നത്.