മഴക്കെടുതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് ജില്ലയുടെ ചുമതലയുള്ള വനംമന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. തിരുവല്ല പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസില്‍ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രണ്ടാമത്തെ ജില്ലാതല അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളിലാണ് വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്. നദികളിലെ ജല നിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും  വെള്ളംകയറിയ പടിഞ്ഞാറന്‍ മേഖലകളില്‍ നിന്ന് വെള്ളം ഇറങ്ങിയിട്ടില്ല. പ്രധാന ഡാമുകള്‍ തുറക്കേണ്ട സാഹചര്യവും നിലവില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രതയോടെ ഇരിക്കേണ്ടത് ആവശ്യമാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനവും തൃപ്തികരമാണ്. പരാതികള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ക്യാമ്പുകളില്‍ കുടിവെള്ളം ലഭ്യമല്ലെങ്കില്‍ ക്യാമ്പ് ചാര്‍ജ് ഉള്ളവര്‍ തഹസില്‍ദാര്‍മാരെ അറിയിച്ചാല്‍ കുടിവെള്ളം എത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് യോഗത്തില്‍ അറിയിച്ചു.

വെള്ളക്കെട്ട് ഉള്ളതിനാല്‍ അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ വൈദ്യുതി വിതരണമാണ് നിര്‍ത്തിവച്ചിട്ടുള്ളതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ വൈദ്യുതി ലഭ്യമല്ലെങ്കില്‍ ജനറേറ്റര്‍ ഉപയോഗിക്കണം. ക്യാമ്പ് നടക്കുന്ന സ്‌കൂളുകളിലെ ചോര്‍ച്ചകള്‍ പിടിഎ, മാനേജ്മെന്റുകള്‍ മുന്‍ കൈയെടുത്ത് പരിഹരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.