കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായുളള വെളിയിട വിസർജനമുക്ത പദ്ധതിയിൽ ശുചിമുറി നിർമിക്കുന്നതിന് മാനദണ്ഡങ്ങൾ പ്രകാരം യോഗ്യത ഉണ്ടായിരുന്നിട്ടും ഒഴിവായി പോയവർക്ക് ശുചിമുറി നൽകുന്നതിന് പ്രത്യേക യജ്ഞം നടത്തുന്നു.

ബി.പി.എൽ കുടുംബങ്ങൾക്ക് മാത്രമാകും യജ്ഞത്തിന്റെ ഭാഗമായി ആനുകൂല്യം ലഭ്യമാകുക. യോഗ്യതയുളളവർ അപേക്ഷകൾ ആഗസ്റ്റ് 24 വരെ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസുകളിൽ സമർപ്പിക്കണം. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർമാർ ശുചിമുറി ആവശ്യമുളളവരുടെ പട്ടിക ആഗസ്റ്റ് 31 നകം തയ്യാറാക്കണം.

സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) മാനദണ്ഡങ്ങൾ പാലിച്ചുവേണം പട്ടിക തയ്യാറാക്കേണ്ടത്. ജില്ലകളിൽ നിന്ന് ലഭ്യമാക്കുന്ന പട്ടിക സംസ്ഥാനതലത്തിൽ ക്രോഡീകരിച്ച് കേന്ദ്രത്തിന് നൽകണം. പുതുതായി ആനുകൂല്യം നൽകുന്ന ഗുണഭോക്താക്കളുടെ ശൗചാലയങ്ങൾ സെപ്റ്റംബർ 30 നകം നിർബന്ധമായും പൂർത്തിയാക്കി ജിയോടാഗ് ചെയ്യണം.