പത്തനംതിട്ട: ജില്ലയിലെ ചാലക്കയം, മൂഴിയാര്‍ വനമേഖലയിലെ ആദിവാസി ഊരുകളില്‍  പട്ടികവര്‍ഗവികസന  വകുപ്പ് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി. അജിയുടെ നേതൃത്വത്തില്‍ ചാലക്കയം വനമേഖലയിലെ 38 കുടുംബങ്ങള്‍ക്കും മൂഴിയാര്‍ ഭാഗത്തെ  29 കുടുംബങ്ങള്‍ക്കും ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കി.
റേഷന്‍കട വഴി 35 കിലോ അരി സൗജന്യമായി വിതരണം ചെയ്യുന്നതിന് പുറമെയാണ് എല്ലാ മാസവും 15 കിലോ അരി, ഒരു കിലോ വെളിച്ചെണ്ണ, ഒരു കിലോപയര്‍, ഒരു കിലോ കടല എന്ന ക്രമത്തില്‍ ധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. വനമേഖലയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റേഷന്‍ കട ഉടമകള്‍ പ്രത്യേക വാഹനത്തില്‍ ഊരുകളില്‍ എത്തിച്ചാണ് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്.
കനത്ത മഴയെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ നാറാണംമൂഴി പഞ്ചായത്തിലെ കുറുമ്പന്‍മൂഴി, മണക്കയം കോളനികളിലെ 160 കുടുംബങ്ങള്‍ക്കും അച്ചന്‍കോവിലാറിന്റെ തീരത്തെ അരുവാപ്പുലം പഞ്ചായത്തില്‍പെട്ട ആവണിപ്പാറ പട്ടികവര്‍ഗ കോളനിയിലെ 33 കുടുംബങ്ങള്‍ക്കും  പട്ടികവര്‍ഗവികസന വകുപ്പ്  അരി, പഞ്ചസാര, കാപ്പിപൊടി, മുളക് പൊടി, വെളിച്ചെണ്ണ, പരിപ്പ്, ഉപ്പ് എന്നിവ അടങ്ങിയ കിറ്റുകളും വിതരണം ചെയ്തു.
മൂഴിയാര്‍ വനമേഖലയില്‍ കഴിയുന്ന ആദിവാസികള്‍ക്കായി സീതത്തോട് പഞ്ചായത്തും റാന്നി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തി വരുന്ന സുന്ദര ബാല്യം സുഭിക്ഷിത ബാല്യം പദ്ധതിയുടെ ഭാഗമായി സ്‌കൂളിലും ആദിവാസി കുടിലുകളിലും കുടുംബശ്രീയുടെ ചുമതലയില്‍ പാകം ചെയ്ത ഭക്ഷണം നല്‍കി വരുന്നുണ്ട്.