പത്തനംതിട്ട: ഒരുമയിലൂടെ ഏതു മഹാപ്രളയത്തെയും നാം അതിജീവിക്കുമെന്നും ഒറ്റക്കെട്ടായി ദുരിതബാധിതരെ ചേര്‍ത്തു പിടിക്കുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഭാരതത്തിന്റെ 73-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.

പ്രളയബാധിതരെ നമുക്ക് സഹായിക്കേണ്ടതുണ്ട്. അവരെ ദുരിതത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തേണ്ടതുണ്ട്. ഭാരതത്തിനു മാതൃകയായി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ഉയര്‍ത്തി പിടിക്കാം.
ഭൂമിയിലുള്ളവരോട് കാരുണ്യം കാണിക്കാനുള്ളതാണ് മതം എന്നു നാം തിരിച്ചറിയണം.  കേരളീയര്‍ ഭാരതത്തിനു മാതൃകയാണ്.

നാനാ ജാതി മതസ്ഥര്‍ സഹോദരങ്ങളെ പോലെ ആരാധനാലയങ്ങള്‍ നമ്മുടെ സഹജീവികള്‍ക്കു വേണ്ടി തുറന്നു വയ്ക്കുന്ന വിശാലമായ മനോഭാവത്തിനു മുന്നില്‍ മാനവികതയുടെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് കേരളം എത്തിനില്‍കുന്ന അന്തരീക്ഷമാണുള്ളത്.

എന്നാണോ രാഷ്ട്ര ബോധത്തിന് മുകളിലേക്ക് മതബോധം എത്തുന്നത് അന്ന് രാഷ്ട്രം അപകടത്തിലേക്ക് മാറുമെന്ന് നാം തിരിച്ചറിയണം. ഇതിനെതിരേ നാം ജാഗ്രത പുലര്‍ത്തണം. ഇന്ന് നാം കാണുന്ന രാഷ്ട്രമെന്ന സങ്കല്‍പ്പത്തിന് മുകളിലേക്ക് മതമോ മറ്റു ചിന്തകളോ പ്രതിഷ്ഠിക്കുന്നതിലൂടെ വരുന്നത് അപകടകരമായ അന്തരീക്ഷമാണ്.

നാം ഒരുമയോടു കൂടി തിരിച്ചറിയേണ്ടതാണ് ഭാരതത്തിന്റെ പാരമ്പര്യമായ നാനാത്വത്തില്‍ ഏകത്വം എന്നത്. വൈവിധ്യമാര്‍ന്ന സംസ്‌കാരിക പൈതൃകമുള്ളവര്‍, ഭാഷ, വേഷം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍. ഇത്തരത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഭാരതീയരെ ഒരുമിപ്പിക്കുന്നത് നമ്മുടെ ദേശീയ ബോധമാണ്. ഈ വ്യത്യസ്തതകളെ നിലനിര്‍ത്തികൊണ്ട് ഓരോരുത്തര്‍ക്കും അവരുടെ സംസ്‌കാരിക തനിമ നിലനിര്‍ത്തി ഒരുമിക്കാന്‍ കഴിയുന്ന ബോധമാണ് രാഷ്ട്രത്തിന്റെ ദേശീയ ബോധം.

ഇന്ന് വ്യത്യസ്തതകളെ അനുവദിക്കുന്നില്ല. വ്യത്യസ്തമായ സാംസ്‌കാരിക ബോധം അനുവദിക്കുന്നില്ല എന്നതിലേക്ക് കാര്യങ്ങള്‍ വരുമ്പോള്‍ അവിടെ അപകടകരമായ സ്ഥിതി പതിയിരിക്കുന്നു എന്നു നാം തിരിച്ചറിയണം.  നാനാത്വത്തില്‍ ഏകത്വം എന്ന ഭാരതീയ പാരമ്പര്യം ഉയര്‍ത്തി പിടിക്കാന്‍ അന്ത്യശ്വാസം വരെയും നമുക്കൊരുമിച്ച് ഒറ്റകെട്ടായി മുന്നേറാം.
കേരളം ഒരു വലിയ പ്രളയത്തിന്റെ നടുവിലാണ്.

കഴിഞ്ഞ വര്‍ഷം ഇതേ ദിനത്തിലാണ് നൂറ്റാണ്ടുകളിലെ ഏറ്റവും വലിയ പ്രളയത്തിലേക്ക് കേരളം എടുത്തെറിയപ്പെട്ടത്. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ പറ്റാത്ത തരത്തില്‍ പ്രളയത്തിലായിരുന്നു ജില്ലാ സ്റ്റേഡിയം.  അന്ന് നാം എല്ലാവരും ഒറ്റകെട്ടായി നിന്ന് ജാതി മത വ്യത്യാസങ്ങള്‍ക്ക് അതീതമായി എല്ലാവരും ഒരുമിച്ച് പ്രളയത്തെ അതിജീവിച്ചു. പുനര്‍നിര്‍മാണ പ്രക്രിയയുമായി ബന്ധപ്പെട്ട് കേരളീയര്‍ അഭിമാനപൂര്‍വം ഒറ്റകെട്ടായി മുന്നേറുന്നതിന്റെ നടുവിലാണ് വീണ്ടും രണ്ടാമതൊരു പ്രളയം നമ്മെ കൊണ്ട് എത്തിച്ചിരിക്കുന്നത്.

രാഷ്ട്രത്തിന് സ്വാതന്ത്ര്യം നേടിത്തരാന്‍ ലക്ഷോപലക്ഷം പൂര്‍വികര്‍ ജീവത്യാഗം ചെയ്തിട്ടുണ്ട്. ഈ രക്തസാക്ഷികള്‍ക്കു മുന്‍പില്‍ ആദരം അര്‍പ്പിക്കുന്നു. 73 വര്‍ഷം പിന്നിടുമ്പോള്‍ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടിയ നമ്മുടെ പൂര്‍വികര്‍ കണ്ട സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്.

ഇന്ന് രാഷ്ട്രം ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നു. ദേശീയത ഉയര്‍ത്തിയുള്ള ദീപ്തമായ ബോധത്തിലാണ് സാമ്രാജ്യത്വതത്തിനെതിരായ പോരാട്ടം സ്വാതന്ത്ര്യ സമര സേനാനികള്‍ നയിച്ചത്. സാമ്രാജ്യത്വത്തിന് എതിരായ വികരമായിരുന്നു അക്കാലത്ത് ദേശീയതയെങ്കില്‍  ഇന്ന്  സങ്കുചിതമായ താല്‍പര്യത്തിനെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മേല്‍ ചാര്‍ത്തപ്പെടുന്നു എന്നത് ഭയത്തോടെ നാം നോക്കി കാണുന്നു.

നമ്മുടെ പൂര്‍വികര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തില്‍ ദാരിദ്യം ഇല്ലായ്മ ചെയ്യുക, എല്ലാവര്‍ക്കും സുന്ദരമായ ജീവിത സാഹചര്യം ഒരുക്കുക, വിദ്യാഭ്യാസം എല്ലാവരുടെതുമാക്കി മാറ്റുക, എന്നിങ്ങനെയുള്ള നന്മകളാണ് സ്വപ്നം കണ്ടത്. നമ്മുടെ ദേശാഭിമാനികളുടെ സ്വപ്നം യഥാര്‍ഥ്യമാക്കാന്‍ ഇന്നത്തെ തലമുറ ഒരുമയോടെ മുന്നേറണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ആന്റോ ആന്റണി എംപി, വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ജില്ലാ പോലീസ് മേധാവി ജി.ജയദേവ്,നഗരസഭ ചെയര്‍പേഴ്സണ്‍ ഗീതാ സുരേഷ്, വൈസ് ചെയര്‍മാന്‍ എ. സഗീര്‍,
എഡിഎം അലക്സ് പി തോമസ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ സജിനി മോഹന്‍, പി.കെ അനീഷ്, റോഷന്‍ നായര്‍, സുശീല പുഷ്പന്‍, അംബിക വേണു, സസ്യ സജീവ്, മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ പി.മോഹന്‍രാജ്, എ. സുരേഷ്‌കുമാര്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.