പത്തനംതിട്ട ജില്ലയില്‍ ഇതുവരെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 1161 കുടുംബങ്ങളെ മഴക്കെടുതി ബാധിച്ചു.  857 കുടുംബങ്ങള്‍ വിവിധ ക്യാമ്പുകളിലും 81 കുടുംബങ്ങള്‍ ബന്ധു വീടുകളിലുമാണ് കഴിഞ്ഞിരുന്നത്. ഇതില്‍ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 38 കുടുംബങ്ങളും, ബന്ധുവീടുകളില്‍ കഴിഞ്ഞിരുന്ന 40 കുടുംബങ്ങളും തിരികെ സ്വന്തം വീടുകളിലേക്ക് മടങ്ങിയതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.എസ്. ബീന അറിയിച്ചു.
പട്ടികജാതി വികസന വകുപ്പിലെ വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥരും, എസ്സി പ്രമോട്ടര്‍മാരും മഴക്കെടുതി ബാധിച്ച കോളനികള്‍ സന്ദര്‍ശിക്കുകയുീ  താമസം മാറാന്‍ വിമുഖത കാണിച്ചവരെ ക്യാമ്പുകളിലെത്തിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ വിവിധ കോളനികള്‍ സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തി.
പ്രാഥമിക കണക്കു പ്രകാരം ഒരു വീട് പൂര്‍ണമായും 10 വീട് ഭാഗികമായും തകര്‍ന്നു. മൂന്നു കുടുംബങ്ങള്‍ക്ക് ജീവനോപാധി നഷ്ടപ്പെട്ടു.  42 കോളനികളെ മഴക്കെടുതി ബാധിച്ചു. വകുപ്പിനു കീഴിലുള്ള എഴിക്കാട് നഴ്സറി സ്‌കൂള്‍ 18 കുടുംബങ്ങളെ പാര്‍പ്പിക്കുന്ന ക്യാമ്പാക്കി മാറ്റി. ക്യാമ്പിലും മറ്റും താമസിക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.